ബജറ്റില്‍ നിന്ന് രൂപയുടെ ചിഹ്നം ഒഴിവാക്കി തമിഴ്‌നാട്; പകരം തമിഴ് അക്ഷരം
ചെന്നൈ : ഭാഷ തർക്കത്തിനിടെ ബജറ്റിൽ നിന്ന് രൂപയുടെ ചിഹ്നം മാറ്റി തമിഴ്നാട് സർക്കാർ. ദേവനാഗിരി ലിപിയും ലാറ്റിനും ചേർന്ന ഇന്ത്യൻ രൂപയുടെ ഔദ്യോഗിക ചിഹ്നമാണ് 2025-26 സാമ്പത്തിക വർഷത്തെ ബജറ്റിൽ നിന്നും തമിഴ്നാട് സർക്കാർ ഒഴിവാക്കിയത്, പകരം തമിഴിൽ രൂപയെ സൂചിപ്പിക്കുന്ന “ரூ” “രൂ” എന്ന അക്ഷരമാണ് ബജറ്റ് ലോഗോയിൽ ചേർത്തിരിക്കുന്നത്.കഴിഞ്ഞ വർഷങ്ങളിലൊക്കെയും രൂപയുടെ ഔദ്യോഗിക ചിഹ്നമായിരുന്നു തമിഴ്നാട് സർക്കാർ ബജറ്റിൽ ഏർപ്പെടുത്തിയിരിക്കുന്നത്. ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള കേന്ദ്രത്തിന്റെ ശ്രമം ശക്തമായതിനെ തുടർന്നാണ് ഇത്തരത്തിലുള്ള നീക്കവുമായി തമിഴ്നാട് സർക്കാർ രംഗത്തെത്തിയത്. ബജറ്റിന്റെ ടീസർ മുഖ്യമന്ത്രി സ്റ്റാലിൻ തന്റെ എക്സ് അക്കൗണ്ടിലൂടെ പങ്കുവച്ചിട്ടുണ്ട്.മാർച്ച് 14നാണ് തമിഴ്നാട് നിയമസഭയിൽ ബജറ്റ് അവതരണം. സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും പ്രയോജനപ്പെടുന്ന തരത്തിൽ തമിഴ്നാടിന്റെ വ്യാപകമായ വികസനം ഉറപ്പാക്കാൻ എന്ന കുറിപ്പോടെയാണ് സ്റ്റാലിൻ ടീസർ പങ്കുവെച്ചിരിക്കുന്നത്.
റിപ്പോർട്ട് Hr. സലിം, കാവശ്ശേരി
