നാരായണ പെരുവണ്ണാന്‍ ‘കതിവനൂര്‍ വീര’ന്റെ വേഷം അഴിക്കുന്നു
ഐതിഹാസിക തെയ്യക്കാലത്തിന് അമേരി പള്ളിയറക്കാവില്‍ വിരാമം ‘അടുത്ത തലമുറയിലേക്ക് മഹത്തായ പാരമ്പര്യം കൈമാറി, വഴി മാറാനുള്ള സമയമായി
റിപ്പോർട്ട് എച്ച് ആർ . സലിം, കാവശ്ശേരി.
കണ്ണൂര്‍: കതിവനൂര്‍ വീരനായി ഒരിക്കല്‍ കൂടി കെട്ടിയാടി ഇതിഹാസ സമാനമായ കാലത്തിനു വിരാമം കുറിക്കാനൊരുങ്ങി പത്മശ്രീ ഇപി നാരായണ പെരുവണ്ണാന്‍. 21ാം വയസില്‍ കതിവനൂര്‍ വീരന്റെ വേഷം കെട്ടിയാടാന്‍ ആരംഭിച്ച അദ്ദേഹം 71ാം വയസിലെത്തി നില്‍ക്കുമ്പോഴാണ് ആ വേഷം അവസാനമായി കെട്ടിയാടാനൊരുങ്ങുന്നത്. ഈ മാസം 6, 7 തീയതികളില്‍ ഇരിട്ടി അമേരി പള്ളിയറക്കാവിലാണ് അദ്ദേഹം അവസാനമായി കതിവനൂര്‍ വീരനായി വേഷമിടുന്നത്.പോരാളിയായ കതിവനൂര്‍ വീരന്റെ തെയ്യക്കോലത്തില്‍ കഴിഞ്ഞ 50 വര്‍ഷമായി നാരായണ പെരുവണ്ണാന്‍ നിറഞ്ഞാടുകയായിരുന്നു. പല തലമുറകളെ മാസ്മരികാവസ്ഥയിലേക്ക് നയിച്ചതാണ് അദ്ദേഹത്തിന്റെ കതിവന്നൂര്‍ വീരന്‍ തെയ്യക്കോലം. ഒരേ സമയം മെയ്‌വഴക്കത്തിന്റേയും ഭക്തിയുടേയും ആഴത്തിലുള്ള സങ്കലനമാണ് ഓരോ കാവരങ്ങുകളും.അദ്ദേഹത്തിന്റെ ഊര്‍ജസ്വലമായ ചലനങ്ങളും വേഷപ്പകര്‍ച്ചയുടെ തീവ്രവതയും ഭക്തര്‍ക്ക് അനുഭവിക്കാനുള്ള അവസാന അവസരം കൂടിയായി പള്ളിയറക്കാവിലെ അരങ്ങ് മാറും.’കതിവനൂര്‍ വീരന്‍, മുച്ചിലോട്ട് ഭഗവതി കോലങ്ങള്‍ ശ്രേഷ്ഠമായ രണ്ട് തെയ്യങ്ങളാണ്. എല്ലാവരും ഈ വേഷങ്ങള്‍ കെട്ടിയാടാറില്ല. അപൂര്‍വം ചിലര്‍ക്ക് മാത്രമാണ് അതിനുള്ള നിയോഗം കിട്ടാറുള്ളത്. പാരമ്പര്യമായി കൈമാറി കിട്ടുന്ന നിയോഗമാണ് ഈ വേഷങ്ങള്‍ ആടുക എന്നത്. ശരീരിക കരുത്തും മനഃസാന്നിധ്യവും ആവോളം ആവശ്യമുള്ള വേഷമാണ് കതിവനൂര്‍ വീരന്റേത്. പ്രകടനത്തിന്റെ ദൈര്‍ഘ്യവും സഹിഷ്ണുതയുമൊക്കെ പ്രവചിക്കുക പോലും അസാധ്യമാണ്. അദ്ദേഹത്തിന്റെ വാക്കുകൾ ‘അനവധി കാവുകളില്‍ തുടര്‍ച്ചയായി പല തെയ്യക്കോലങ്ങള്‍ കെട്ടിയാടാനുള്ള അനുഗ്രഹം എനിക്കു കിട്ടിയിട്ടുണ്ട്. എന്നാല്‍ കോവിഡിനു ശേഷം ശാരീരിക ബുദ്ധിമുട്ടുകള്‍ കൂടിയതോടെ വേഷം കെട്ടുന്നത് കുറച്ചു. മുച്ചിലോട്ട് ഭഗവതി അടക്കമുള്ള വലിയ കോലങ്ങള്‍ മാത്രം കെട്ടുന്നതിനാണ് പിന്നീട് ഞാന്‍ ശ്രദ്ധ കൊടുത്തത്. കതിവനൂര്‍ വീരന്‍ പോലെയുള്ള കോലങ്ങള്‍ വൈകാരികമായ തലങ്ങളിലേക്ക് ഉയര്‍ത്തുന്നതാണ്. അതു കെട്ടിയാടാന്‍ ശാരീരികവും മാനസികവുമായ തയ്യാറെടുപ്പുകള്‍ ആവശ്യമാണ്. അതുകൊണ്ടു തന്നെ തിരഞ്ഞെടുത്ത ചില കാവുകളില്‍ മാത്രമാണ് ഇപ്പോള്‍ ഇത്തരം കോലങ്ങള്‍ കെട്ടുന്നത്.’✍️Hr. സലിം, കാവശ്ശേരി.




