March 24, 2026

മൂന്നുദിവസത്തെ പരിശ്രമം: നെല്ലിയാമ്പതി വനമേഖലയിലെ കാട്ടുതീ പൂർണമായും അണച്ചു

  • March 1, 2025
  • 1 min read

*നെന്മാറ : നെല്ലിയാമ്പതി വനമേഖലയിൽ പടർന്നുപിടിച്ച കാട്ടുതീ വനപാലകരുടെ മൂന്നുദിവസത്തെ പരിശ്രമത്തിനൊടുവിൽ പൂർണമായും അണച്ചു. ചൊവ്വാഴ്ച ഉച്ചയോടെയാണ്‌ നെല്ലിയാമ്പതി വനമേഖലയിലെ തിരുവഴിയാട് സെക്ഷനിൽ ഉൾപ്പെട്ട ഒലിപ്പാറ, ഓവുപാറ മലമുകളിൽ കാട്ടുതീ പടർന്നുപിടിച്ചത്. കാട്ടുതീ പിന്നീട് മണലൂർചള്ള, വേങ്ങവാരി, ഓവുപാറ തിണ്ട്, പൂഞ്ചേരിക്കുന്ന് ഭാഗങ്ങളിലേക്കുകൂടി വ്യാപിച്ചതോടെ വലിയതോതിൽ പുൽമേടുകൾ അഗ്നിക്കിരയായി. ബുധനാഴ്ച രാത്രിയോടെ തീ നിയന്ത്രണവിധേയമാക്കിയെങ്കിലും ശക്തമായ കാറ്റിൽ വനമേഖലയുടെ മറ്റൊരുഭാഗത്തും തീ പടരുകയായിരുന്നു. വ്യാഴാഴ്ച രാത്രിയും വനപാലകരുടെ നേതൃത്വത്തിൽ ഫയർലൈനുകളിട്ട് തീ കൂടുതൽ ഭാഗങ്ങളിലേക്ക്‌ പടരുന്നത്‌ തടഞ്ഞു.പൂഞ്ചേരിമലയുടെ താഴ്ഭാഗത്ത്‌ പടർന്നുപിടിച്ച തീ രാത്രി 11 മണിയോടെ നിയന്ത്രിച്ചതോടെയാണ്‌ തീ പൂർണമായും കെടുത്താനായത്. ഇതോടെ നെല്ലിയാമ്പതി മേഖലയിലെ നിത്യഹരിത മേഖലയിലേക്ക് കാട്ടുതീ പടരുന്നത്‌ നിയന്ത്രിക്കാൻ വനം വകുപ്പിന്‌ കഴിഞ്ഞു.കഴിഞ്ഞ മൂന്നുദിവസമായി നെല്ലിയാമ്പതി റേഞ്ച് ഓഫീസർ സി. ഷെരീഫിന്റെ നേതൃത്വത്തിൽ പോത്തുണ്ടി, തിരുവഴിയാട് സെക്ഷൻ ഓഫീസർമാരായ സുധീർ, ജൈനുലാബുദ്ദീൻ എന്നിവരുൾപ്പെടെ തീയണയ്ക്കാൻ പ്രയത്നിച്ചു. തീ പൂർണമായും അണച്ചെങ്കിലും മേഖലയിൽ വനംവകുപ്പിന്റെ നേതൃത്വത്തിൽ നിരീക്ഷണം തുടരുമെന്ന് റേഞ്ച് ഓഫീസർ പറഞ്ഞു.

റിപ്പോർട്ട് Hr. സലിം, കാവശ്ശേരി.

Leave a Reply

Your email address will not be published. Required fields are marked *