March 23, 2026

മക്കളെ ലഹരിയുടെ ലോകത്തിലേക്ക് നയിക്കുന്ന രക്ഷിതാക്കൾ

  • February 27, 2025
  • 0 min read

ലഹരിയുടെ ലോകത്തേക്ക് സ്വന്തം മക്കളെ കൊണ്ടെത്തിക്കുന്നതിൽ ചില രക്ഷിതാക്കൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. മദ്യപാനവും മദ്യ സൽക്കാരവും അന്തസ്സിന്റെയും ആധുനികതയുടെയും അടയാളമായി കാണുന്ന രക്ഷിതാക്കൾ തന്നെയാണ് ലഹരി ഉപയോഗത്തിന്റെ ആദ്യപാഠം മക്കൾക്ക് പകർന്ന് നൽകുന്നത്. വിവാഹ നിശ്ചയം, വിവാഹം, ജനനം, നൂല് കെട്ട്, ഗൃഹപ്രവേശം തുടങ്ങി മരണം വരെയുള്ള സകലതിനും മദ്യം വിളമ്പൽ സർവസാധാരണമായിരിക്കുന്നു. ഹോം ബാർ ഉൾപ്പെടെയാണ് പല ആധുനിക വീടുകളുടെയും നിർമ്മിതി തന്നെ. മദ്യപാനം മാന്യവും അന്തസ്സുള്ളതുമായ ഒരു സംഗതിയാണെന്ന നിലയിലേക്ക് കാര്യങ്ങളെ കൊണ്ടെത്തിച്ചിരിക്കുന്നു. മദ്യപിക്കാത്തവർ പഴഞ്ചന്മാർ എന്നതാണ് അവസ്ഥ. മദ്യപിക്കാത്തവരുമായി സൗഹൃദം കൂടാനും വളരെ കുറച്ച് പേരേ ഉണ്ടാകു . മദ്യ സൽക്കാരങ്ങളിൽ കുട്ടികളും സ്ത്രീകളും ഉൾപ്പെടെയുള്ളവരെ സഹായികളായി ഒപ്പം കൂട്ടുകയും തുടർന്ന് കൂട്ടുസേവ നടത്തുന്നവരായി അവരെ മാറ്റുകയും ചെയ്യുന്നതിലേക്ക് കാര്യങ്ങൾ പുരോഗമിച്ചിരിക്കുന്നു. ഇതൊക്കെ കണ്ടും ശീലിച്ചും വളരുന്ന മക്കൾക്ക് ലഹരി ഉപയോഗം മോശമാണെന്ന തോന്നലേ ഉണ്ടാകേണ്ട കാര്യമില്ല. മറിച്ച് ലഹരി ഉപയോഗം അന്തസിന്റെ അടയാളം എന്ന നിലയിൽ അവരുടെ ജീവിതത്തിന്റെ ഭാഗമായി മാറുകയാണ് ചെയ്യുന്നത്. മദ്യപാനത്തിന് മാന്യത നൽകി രക്ഷിതാക്കൾ മക്കൾക്ക് പകർന്ന് നൽകുന്ന ആവേശവും ലഹരിയും ഒരു ഘട്ടം കഴിഞ്ഞാൽ മക്കൾക്ക് മതിയാകാതെ വരും. അവർ വർദ്ധിച്ച ലഹരി ആവേശം തേടി മറ്റ് ലഹരി വസ്തുക്കൾ ഉപയോഗിച്ചു തുടങ്ങും. ഒടുവിൽ രാസലഹരി ഉൾപ്പെടെയുള്ളവയ്ക്ക് അടിമപ്പെടുകയും വീട്ടുകാരുടെയും നാട്ടുകാരുടെയും അന്തകരാവുകയും ചെയ്യും. മദ്യപിച്ചും മദ്യസൽക്കാരം നടത്തിയും മക്കളെ ലഹരിയുടെ ലോകത്തേക്ക് ആനയിക്കണമോ എന്ന് രക്ഷിതാക്കളും ചിന്തിക്കട്ടെ

റിപ്പോർട്ട്‌ രാജീവ്‌ സുകുമാരൻ

Leave a Reply

Your email address will not be published. Required fields are marked *