February 5, 2026

ഓർമ്മയിൽ എം കൃഷ്ണൻ നായർ.

  • February 23, 2025
  • 1 min read


പ്രശസ്ത സാഹിത്യ നിരൂപകനും, അധ്യാപകനും ഉജ്ജ്വല വാഗ്മിയുമായിരുന്ന M കൃഷ്ണൻ നായരുടെ വിയോഗത്തിന് ഇന്ന് 19 വർഷം. 1923 മാർച്ച്‌ 3 ന് തിരുവനന്തപുരത്തു ജനിച്ചു. സാഹിത്യ നിരൂപണങ്ങളുടെ ശുഷ്കമായ ശൈലിയിൽ നിന്നു വ്യത്യസ്തമായി സാധാരണ വായനാക്കാരെ ആകർഷിക്കുന്ന മട്ടിൽ എഴുതപ്പെട്ടിരുന്ന ‘സാഹിത്യ വാരഫലം’ എന്ന പംക്തി കൃഷ്ണൻ നായർക്ക് ഏറെ ജനപ്രീതി നേടികൊടുക്കുകയും മൂന്ന് ആനുകാലികങ്ങളിലായി 36 വർഷം പ്രസിദ്ധീകരിക്കുകയും ചെയ്തു. 1969 ൽ ‘മലയാളനാട് ‘ വാരികയിലും തുടർന്ന് കലാകൗമുദി, സമകാലീന മലയാളം എന്നീ വാരികയിലും തുടർന്നു സാധാരണ വായനക്കാരുടെ സാഹിത്യ
കൗതുകത്തെ ലക്ഷ്യം വച്ച് എഴുതിയിരുന്ന ‘വാരഫലം’ ഒട്ടേറെ ആസ്വാദകരെ സൃഷ്ടിച്ചു. “ലിറ്റററി ജേർണലിസം” എന്നാണ് അദ്ദേഹത്തെ സാഹിത്യലോകം വിശേഷിപ്പിക്കുന്നത്. ഈ കോളത്തിന്റെ ജനപ്രീതിയുടെ കാരണം അതിന്റെ ഘടന തന്നെ ആയിരുന്നു. അദ്ദേഹത്തിന്റെ വിമർശനത്തിന്റെ പ്രഹരം ഏറ്റുവാങ്ങാത്ത എഴുത്തുകാരും കവികളും വിരളമാണ്. “അപ്സര കന്യകൾ പെറ്റുവളർത്തുന്ന ചിത്രശലഭങ്ങൾ നിങ്ങൾ” എന്ന് ‘കാവ്യമേള’ എന്ന ചിത്രത്തിൽ വയലാർ രാമവർമ്മ പാട്ടെഴുതിയപ്പോൾ
“അപ്സര സ്ത്രീകൾ എന്നുമുതലാണ് ചിത്രശലഭങ്ങളെ പ്രസവിക്കാൻ തുടങ്ങിയത് ” എന്ന് അട്ടഹസിച്ചു കൊണ്ട് കൃഷ്ണൻ നായർ വയലാറിനെ വിമർശിച്ചതും അതിന് വയലാർ നൽകിയ വിവാദ മറുപടിയും സാഹിത്യ ലോകം ഒട്ടേറെ ചർച്ച ചെയ്യപ്പെട്ടതാണ്. കലാ രാഷ്ട്രീയ, സാംസ്‌കാരിക, ആത്മീയ മേഖലയിലെ പൊരുത്തക്കേടുകൾക്കെതിരെ നിർഭയം തൂലിക ചലിപ്പിച്ച ആ മഹാനുഭാവൻ 2006 ഫെബ്രുവരി 23 ന് 83 ആം വയസ്സിൽ ഓർമ്മയായി.

റിപ്പോർട്ട്‌ Hr. സലിം, കാവശ്ശേരി.

Leave a Reply

Your email address will not be published. Required fields are marked *