March 24, 2026

കൊൽക്കത്ത ആർജി കർ മെഡി. കോളേജിലെ ബലാത്സം​ഗ കേസ്; പ്രതിക്ക് ജീവപര്യന്തം.

  • January 20, 2025
  • 0 min read
കൊൽക്കത്ത ആർജി കർ മെഡി. കോളേജിലെ ബലാത്സം​ഗ കേസ്; പ്രതിക്ക്   ജീവപര്യന്തം.

അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസല്ലെന്ന് കോടതി

കൊല്‍ക്കത്ത ആര്‍ ജി കര്‍ മെഡിക്കല്‍ കോളജിലെ ബലാത്സംഗ കൊലപാതക കേസിലെ പ്രതി സഞ്ജയ് റോയിക്ക് ജീവപര്യന്തം. കൊല്‍ക്കത്ത സീല്‍ഡ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പറഞ്ഞത്. കൊലപാതകം, ബലാത്സംഗം, മരണകാരണമായ ആക്രമണം തുടങ്ങിയ കുറ്റങ്ങളിലാണ് ശിക്ഷാവിധി പ്രഖ്യാപിച്ചത്. പ്രതി ജീവിതകാലം മുഴുവനും ജയിലിൽ തുടരണം. പ്രതി 50000 രൂപ പിഴയടയ്ക്കണമെന്നും കോടതി വിധിച്ചു. അപൂർവ്വങ്ങളിൽ അപൂർവ്വമെന്ന സിബിഐ വാദം കോടതി നിരാകരിച്ചു. പ്രതിയ്ക്ക് മാനസാന്തരത്തിനുള്ള അവസരം നിഷേധിക്കരുതെന്നും കോടതി ശിക്ഷാ വിധിയിൽ ചൂണ്ടിക്കാണിച്ചു. 17 ലക്ഷം രൂപ കൊല്ലപ്പെട്ട യുവ ഡോക്ടറുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ നൽകണമെന്നും കോടതി നിർദ്ദേശിച്ചു. പെൺകുട്ടികളെ സംരക്ഷിക്കേണ്ടത് സ്റ്റേറ്റിൻ്റെ ഉത്തരവാദിത്വമാണെന്നും കോടതി ചൂണ്ടിക്കാണിച്ചു. സ്ത്രീസുരക്ഷയിൽ സർക്കാർ പരാജയമെന്നും ശിക്ഷാവിധിയിൽ കോടതി ചൂണ്ടിക്കാണിച്ചു.നീതി വേണമെന്നായിരുന്നു വിധിയിൽ കൊല്ലപ്പെട്ട യുവ ഡോക്ടറുടെ കുടുംബത്തിൻ്റെ പ്രതികരണം. സംസ്ഥാന സർക്കാർ നഷ്ടപരിഹാരമായി വിധിച്ച 17 ലക്ഷം രൂപ വേണ്ടെന്നും കുടുംബം പറഞ്ഞു. കൊല്‍ക്കത്ത സീല്‍ഡ അഡീഷണല്‍ സെഷന്‍സ് കോടതിയുടെ വിധിക്കെതിരെ അപ്പീൽ നൽകുമെന്നും കുടുംബം വ്യക്തമാക്കി.നേരത്തെ പ്രതി സഞ്ജയ് റോയ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. അതിക്രൂരവും അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വവുമായ കുറ്റകൃത്യം നടത്തിയ പ്രതി സഞ്ജയ് റോയ്ക്ക് വധശിക്ഷ നല്‍കണമെന്നായിരുന്നു വിചാരണക്കോടതിയില്‍ സിബിഐയുടെ ആവശ്യം. ഏറ്റവും വലിയ ശിക്ഷയാണ് നല്‍കുന്നതെങ്കില്‍ വധശിക്ഷയും, ചെറിയ ശിക്ഷയാണ് നല്‍കുന്നതെങ്കില്‍ ജീവപര്യന്തവും നല്‍കുമെന്ന് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയ ശേഷം കോടതി വ്യക്തമാക്കിയിരുന്നു.ബലാത്സംഗമോ കൊലപാതകമോ ചെയ്തിട്ടില്ലെന്ന് ശിക്ഷാവിധി പ്രഖ്യാപിക്കുന്നതിന് മുമ്പുള്ള വാദത്തിനിടെ പ്രതി ആവ‍ർത്തിച്ചിരുന്നു. നിരപരാധിയെന്നും തന്നെ മർദ്ദിച്ചാണ് മൊഴിയെടുത്തതെന്നും സഞ്ജയ് റോയ് കോടതിയിൽ വ്യക്തമാക്കി. ആവശ്യമുള്ളിടത്തെല്ലാം ഒപ്പിടുവിച്ചുവെന്നും കാരണമില്ലാതെ പ്രതി ചേർത്തുവെന്നും പ്രതി ആരോപിച്ചു. തന്നെ കേൾക്കാൻ സിബിഐ തയ്യാറായില്ല. കേസ് അപൂർവങ്ങളിൽ അപൂർവമല്ല. തനിക്കെതിരെ തെളിവില്ലെന്നും വധശിക്ഷ നൽകരുതെന്നും പ്രതി സഞ്ജയ് റോയ് കോടതിയോട് അപേക്ഷിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *