ഗൂഗിൾ സി.ഇ.ഓ സുന്ദർ പിച്ചൈ ക്രിക്കറ്റിന്റെ ലോകത്തേക്ക്.
ലണ്ടൻ ആസ്ഥാനമായ ക്രിക്കറ്റ് ടീം “ദ ഹൺഡ്രഡ്” (ഇംഗ്ലണ്ടിന്റെ വേഗതയേറിയ ക്രിക്കറ്റ് ടൂർണമെന്റ്) ഏറ്റെടുക്കാൻ ശ്രമിക്കുന്ന സിലിക്കൺ വാലി എക്സിക്യൂട്ടീവ് കൺസോർഷ്യത്തിൽ സുന്ദർ പിച്ചൈയും ചേർന്നതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. *ഓവൽ ഇൻവിൻസിബിൾസ്* അല്ലെങ്കിൽ *ലണ്ടൻ സ്‌പിരിറ്റ്* ഇവയിൽ ഏതെങ്കിലും ഒരു ടീമിനായാണ് ഇവർ ശ്രമിക്കുന്നതെന്നും, അതിനായി ഏകദേശം 97 മില്യൺ ഡോളർ, അതായതു 840 കോടി രൂപ ഈ കൺസോർഷ്യം ബിഡ് ചെയ്‌തെന്നുമാണ് റിപ്പോർട്ട്.കൺസോർഷ്യത്തിലെ മറ്റു പ്രമുഖർ പാലോ ആൽട്ടോ നെറ്റ്‌വർക്ക്സ് സി.ഇ.ഒ നികേഷ് അറോറ, ടൈംസ് ഇന്റർനെറ്റ് ലിമിറ്റഡ് വൈസ്.ചെയർമാൻ സത്യൻ ഗജ്‌വാനി, കൂടാതെ മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യ നദെല്ല, അഡോബ് ചീഫ് ശാന്തനു നാരായൺ, സിൽവർ ലേക്ക് മാനേജ്മെന്റ് കോ-സി.ഇ.ഒ ഇഗോൺ ഡർബൻ എന്നിവരാണ്. ക്രിക്കറ്റിന്റെ ജന്മദേശം എന്ന നിലയിൽ യുവ ആരാധകരെയും കുടുംബങ്ങളെയും ആകർഷിക്കുന്ന ഇഗ്ലണ്ടിലെ “ദ ഹണ്ട്രഡ്” എന്ന ക്രിക്കറ്റ് പ്രോജക്റ്റിന്റെ വളർച്ചയുടെ സാധ്യതകളിൽ നിന്ന് പുതിയ വരുമാന മാർഗങ്ങൾ കണ്ടെത്താനാണ് കൺസോർഷ്യം ശ്രമിക്കുന്നത്. ഇംഗ്ലണ്ട് ആന്റ് വെയിൽസ് ക്രിക്കറ്റ് ബോർഡ് (ECB) “ദ ഹണ്ട്രഡിൽ” ഉൾപ്പെട്ട എട്ട് ടീമുകളുടെയും 49% ഓഹരി വിറ്റഴിക്കാനാണ് പദ്ധതിയിടുന്നത്. പരമാവധി ഓഹരികൾ വാങ്ങാൻ സാധിക്കുന്ന മറ്റൊരു പദ്ധതിയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇൻവെസ്റ്റ്മെന്റ് ബാങ്കായ റെയ്ൻ ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള ഈ ലേലം, 2021ൽ ലീഗ് ആരംഭിച്ചതിന് ശേഷം നേടുന്ന വിജയത്തിന്റെ പ്രേരണയിൽ ആഗോള ബിഡ്ഡർമാരെ ആകർഷിച്ചിരിക്കുകയാണ്.സുന്ദർ പിച്ചൈക്കു ക്രിക്കറ്റിനോടുള്ള സ്നേഹം പ്രശസ്തമാണ് . ഇന്ത്യൻ വംശജരായ ടെക് നേതാക്കൾ ക്രിക്കറ്റിന്റെ ആഗോള മൂല്യം വർധിപ്പിക്കാൻ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് ഈ ബിഡ്. മുൻകാലങ്ങളിൽ, സത്യ നദെല്ലയും ശാന്തനു നാരായണനും യുഎസിലെ മേജർ ലീഗ് ക്രിക്കറ്റ് (MLC) പദ്ധതിയിൽ നിക്ഷേപം നടത്തിയിരുന്നു, 100 പന്തുകളടങ്ങിയ ചെറു ഫോർമാറ്റിലൂടെ ക്രിക്കറ്റിനെ പുനരുജ്ജീവിപ്പിക്കുകയാണ് “ദ ഹണ്ട്രഡ്” ലൂടെ ലക്ഷ്യമാക്കുന്നത്. തുടങ്ങിയ 2021 മുതൽ 20 ലക്ഷം കാഴ്ചക്കാരാണ് എട്ട് വേദികളിലായി മത്സരങ്ങൾ കാണാനെത്തിയത്. ഔദ്യോഗിക കണക്ക് പ്രകാരം, ഈ ലീഗ് സംപ്രേഷണ ഉടമ്പടികൾ, ടിക്കറ്റ് വിൽപ്പന, സ്‌പോൺസർഷിപ്പ് എന്നിവയിലൂടെ ഒരുവർഷം 60 മില്യൺ യൂറോ (ഏകദേശം 550 കോടി രൂപ) യാണ് ECB യ്ക്കു വരുമാനം ഉണ്ടാക്കികൊടുക്കുന്നത്.
റിപ്പോർട്ട് ഷിജു ജോസഫ്
