പെരിയ ഇരട്ടക്കൊലക്കേസ് :14 പ്രതികളുടെ ശിക്ഷ ഇന്ന് പ്രഖ്യാപിക്കും:വിധി പറയുന്നത് കൊച്ചിയിലെ പ്രത്യേക സി ബി ഐ കോടതി
കാസർകോട്: പെരിയ ഇരട്ടക്കൊലക്കേസിൽ കുറ്റവാളികളെന്ന് കണ്ടെത്തിയ 14 പ്രതികളുടെ ശിക്ഷ ഇന്ന് പ്രഖ്യാപിക്കും. കൊച്ചിയിലെ പ്രത്യേക സി ബി ഐ കോടതിയാണ് വിധി പറയുന്നത്. കേസിലെ പത്ത് പ്രതികൾക്കെതിരെ വധശിക്ഷ വരെ കിട്ടാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.ആറുവർഷം നീണ്ട നിയമപോരാട്ടത്തിനും 20 മാസത്തോളം നീണ്ട വിചാരണയ്ക്കും ശേഷമാണ് മലയാളികളെ ഒന്നടങ്കം കണ്ണീരണിയിച്ച, സംസ്ഥാന രാഷ്ട്രീയത്തിൽ പ്രകമ്പനം സൃഷ്ടിച്ച പെരിയ ഇരട്ടക്കൊലക്കേസിൽ കൊച്ചിയിലെ പ്രത്യേക സി ബി ഐ കോടതി ഇന്ന് ശിക്ഷ വിധിക്കുന്നത്. സിപിഎം നേതാവും ഉദുമ മുൻ എംഎൽഎയുമായ കെ.വി.കുഞ്ഞിരാമൻ, ഉദുമ സി പി എം മുൻ ഏരിയ സെക്രട്ടറി കെ. മണികണ്‌ഠൻ ഉൾപ്പടെ 14 പ്രതികൾ കുറ്റക്കാരെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.കുറ്റക്കാരിൽ ഏറിയ പങ്കും സിപിഎം നേതാക്കളും പ്രവർത്തകരുമാണ്. ഒന്നു മുതൽ 8 വരെ പ്രതികൾക്കെതിരെ കൊലക്കുറ്റം തെളിഞ്ഞു. 10 പ്രതികളെ കുറ്റവിമുക്തരാക്കി. ഒന്നാം പ്രതി എ പീതാംബരൻ ഉൾപ്പടെ 10 പ്രതികൾക്കെതിരെയാണ് കൊലപാതകം, ഗൂഢാലോചന, നിയമവിരുദ്ധമായി സംഘം ചേരൽ, കലാപം സൃഷ്ടിക്കൽ, തടഞ്ഞുവയ്ക്കൽ എന്നീ കുറ്റങ്ങൾ കണ്ടെത്തിയത്.




