ഇടുക്കിയിൽ കടക്കാർ തമ്മിൽ തർക്കം :തടയാനെത്തിയ പൊലീസുകാരന് സോഡാക്കുപ്പിക്കൊണ്ടു അടിയേറ്റു
ഇടുക്കിയിൽ കടക്കാർ തമ്മിൽ ഉണ്ടായ വഴക്ക് തടയാനെത്തിയ പൊലീസുകാരന് സോഡാക്കുപ്പിക്കൊണ്ടു അടിയേറ്റു. കുട്ടിക്കാനം, പുല്ലുപാറ ജങ്ഷനിൽ കട നടത്തിപ്പുകാർ തമ്മിൽ ഉണ്ടായ തർക്കം തടയാനെത്തിയ സിവിൽ പൊലീസ് ഓഫീസർക്കാണ് പരിക്കേറ്റത്. സംഭവത്തിൽ 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.ശബരിമല സ്പെഷൽ ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ട മൂന്നാർ പൊലീസ് സ്റ്റേഷനിലെ സിപിഒ കരിമണ്ണൂർ സ്വദേശി കെഎ മുഹമ്മദിനാണ് (29) പരിക്കേറ്റത്. മുഹമ്മദ് മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ നിലവിൽ ചികിത്സയിൽ കഴിയുകയാണ്.അടുത്തടുത്ത് കടകൾ നടത്തുന്നവർ തമ്മിൽ നാളുകളായി തർക്കങ്ങൾ ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. ആ തർക്കമാണ് ഒടുവിൽ അടിയിൽ കലാശിച്ചത്. പുല്ലുപാറ സ്വദേശികളായ ഷാജി (55), മകൻ അർജുനൻ (20), സുജിത്ത് (38), സഹോദരൻ സുജിൽ (34), പ്രദേശവാസിയായ ജുബി ജോയ് (31) എന്നിവരാണ് പിടിയിലായത്. സംഭവത്തിൽ ഒരാളെ കൂടി പിടികൂടാനുണ്ടെന്നു പൊലീസ് വ്യക്തമാക്കി.
