തെരുവ് നായയുടെ ആക്രമണം: ആലുവയിൽ മൂന്നു പേർക്ക് കടിയേറ്റു
ആലുവ: ആലുവയ്ക്കടുത്ത് കിഴക്കെ കടുങ്ങല്ലൂരിൽ തെരുവുനായയുടെ ആക്രമണത്തിൽ മൂന്ന് പേർക്ക് കടിയേറ്റു. ഇന്ന് രാവിലെ ജോലിക്കായി ബസ് കാത്തുനിന്നിരുന്ന നരസിംഹ നഗർ ശ്രീനികേതനിൽ സന്ദീപിനെയാണ് പെരിക്കപ്പാലം സ്റ്റോപ്പിന് സമീപം തെരുവുനായ ആദ്യം ആക്രമിച്ചത്.തുടർന്ന് തോട്ടക്കാട്ടുകര ഭാഗത്തേക്ക് ഓടിയ നായ, നീർപ്പാലത്തിന് സമീപം റോഡിലൂടെ നടന്നുപോകുകയായിരുന്ന കിഴക്കെ കടുങ്ങല്ലൂർ ആലങ്ങായി റോഡിൽ താമസിക്കുന്ന റോബിനെയും കടിച്ചു. പിന്നീട് തോട്ടക്കാട്ടുകര സിഗ്നലിന് സമീപം മറ്റൊരു സ്ത്രീയ്ക്കും നായയുടെ ആക്രമണത്തിൽ പരിക്കേറ്റു.ആക്രമണത്തിന് ശേഷം നായ മണപ്പുറം ഭാഗത്തേക്ക് ഓടി മറഞ്ഞതായി നാട്ടുകാർ അറിയിച്ചു. നായയ്ക്ക് പേയുള്ളതായി സംശയിക്കുന്നതായി പ്രദേശവാസികൾ പറയുന്നു. കടിയേറ്റവർ ചികിത്സ തേടിയിട്ടുണ്ട്. പ്രദേശത്ത് ഭീതി നിലനിൽക്കുന്നതിനാൽ തെരുവുനായയെ കണ്ടെത്താൻ നാട്ടുകാരും അധികൃതരും ശ്രമം തുടരുകയാണ്.




