May 8, 2026

കരിപ്പൂർ സ്വർണക്കടത്തിൽപോലീസ് ബന്ധമെന്ന് പി വി അൻവർ:കേന്ദ്ര ഏജൻസികൾക്ക് നിർണായക സൂചനകൾ

  • May 8, 2026
  • 0 min read
കരിപ്പൂർ സ്വർണക്കടത്തിൽപോലീസ് ബന്ധമെന്ന് പി വി അൻവർ:കേന്ദ്ര ഏജൻസികൾക്ക് നിർണായക സൂചനകൾ

സത്യം പുറത്തുവരട്ടെ, കുറ്റവാളികൾ ശിക്ഷിക്കപ്പെടട്ടെ. ഈ തട്ടിപ്പിന് കുടപിടിച്ചവരും മൗനം പാലിച്ചവരും ആരെന്ന് ജനങ്ങൾ അറിയണം,”

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളവുമായി ബന്ധപ്പെട്ട സ്വർണക്കടത്ത് കേസുകളിൽ പുതിയ വിവാദങ്ങൾ ഉയരുന്നതിനിടെ, വിഷയത്തിൽ കേന്ദ്ര ഏജൻസികൾ അന്വേഷണം ശക്തമാക്കിയതായി പി വി അൻവർ ആരോപിച്ചു. സ്വർണക്കടത്ത് നിരീക്ഷിക്കാൻ നിയോഗിച്ചിരുന്ന പോലീസ് ഉദ്യോഗസ്ഥരെ പിൻവലിച്ചതും, വിമാനത്താവളവുമായി ബന്ധപ്പെട്ട ചില രേഖകളിലെ അവ്യക്തതകളും ഇപ്പോൾ ചർച്ചയാകുകയാണെന്ന് അദ്ദേഹം പറഞ്ഞു.കൊണ്ടോട്ടിയിലെ ഒരു അപ്രൈസർ അനധികൃതമായി കോടികൾ സമ്പാദിച്ചെന്ന ആരോപണം നേരത്തെ തന്നെ ഉയർത്തിയിരുന്നുവെന്നും, മാധ്യമങ്ങളെ കൂട്ടിക്കൊണ്ടുപോയി സ്വത്തുക്കൾ കാണിച്ചിട്ടും അന്നത്തെ സർക്കാരോ പോലീസോ അന്വേഷണം നടത്തിയില്ലെന്നും അൻവർ ആരോപിച്ചു. ഈ വിഷയവും കേന്ദ്ര ഏജൻസികളുടെ അന്വേഷണ പരിധിയിലുണ്ടെന്നാണ് ലഭിക്കുന്ന വിവരമെന്നും അദ്ദേഹം പറഞ്ഞു.സ്വർണക്കടത്ത് കേസുകളിൽ പിടികൂടുന്ന സ്വർണം കൊച്ചി കസ്റ്റം ഹൗസിലെ ലാബിൽ പരിശോധിക്കണമെന്നാണ് ചട്ടമെങ്കിലും, വർഷങ്ങളായി കസ്റ്റംസ്, ഡി ആർ ഐ, പോലീസ് എന്നിവർ അംഗീകൃത അപ്രൈസർമാരുടെ സർട്ടിഫിക്കറ്റുകൾ ആശ്രയിച്ചാണ് നടപടികൾ സ്വീകരിക്കുന്നതെന്നും അൻവർ ആരോപിച്ചു. എന്നാൽ ചില സർട്ടിഫിക്കറ്റുകളിൽ സ്വർണത്തിന്റെ തൂക്കവും മാറ്റും രേഖപ്പെടുത്തിയിട്ടില്ലെന്ന് കസ്റ്റംസ് കണ്ടെത്തിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.ഇതിനിടെ, കഴിഞ്ഞ മാസം കരിപ്പൂരിൽ ഡി ആർ ഐ പിടികൂടിയ ലഹരിക്കേസിലും പോലീസ് ബന്ധം അന്വേഷിക്കപ്പെടുകയാണെന്നാണ് വിവരം. ഒമാനിൽ നിന്ന് എത്തിയ പെരിന്തൽമണ്ണ സ്വദേശിയുടെ ഫോൺ പരിശോധിച്ചപ്പോൾ ഒരു പോലീസ് ഉദ്യോഗസ്ഥനിലേക്ക് നീളുന്ന സൂചനകൾ ലഭിച്ചതായും റിപ്പോർട്ടുകളുണ്ട്.2022 മുതൽ കരിപ്പൂർ വിമാനത്താവളത്തിലെ രാജ്യാന്തര ടെർമിനലിന് പുറത്ത് സ്വർണക്കടത്ത് നിരീക്ഷണത്തിനായി മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നതായും, രാത്രി 9ന് ശേഷം എയർപോർട്ട് പരിസരത്തെ കടകൾ അടയ്ക്കണമെന്ന വിചിത്ര നിർദ്ദേശവും അന്ന് നടപ്പാക്കിയിരുന്നുവെന്നും അൻവർ ആരോപിച്ചു. ഈ നടപടികളുടെ പിന്നിലെ കാരണം അന്വേഷിക്കപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.“സത്യം പുറത്തുവരട്ടെ, കുറ്റവാളികൾ ശിക്ഷിക്കപ്പെടട്ടെ. ഈ തട്ടിപ്പിന് കുടപിടിച്ചവരും മൗനം പാലിച്ചവരും ആരെന്ന് ജനങ്ങൾ അറിയണം,” എന്നായിരുന്നു പി വി അൻവറിന്റെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *