കോൺഗ്രസിലെ മുഖ്യമന്ത്രിപ്പോര് തെരുവിലേക്ക് വ്യാപിക്കുന്നു
തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ മുഖ്യമന്ത്രിസ്ഥാനം ആർക്ക് ലഭിക്കും എന്ന ചർച്ചകൾ കോൺഗ്രസിനുള്ളിൽ സജീവമാകുന്നു. രമേശ് ചെന്നിത്തല, വി ഡി സതീശൻ എന്നിവർക്കൊപ്പം കെ സി വേണുഗോപാലിന്റെ പേരും ഉയരുന്ന സാഹചര്യത്തിൽ ഇന്ന് കണ്ണൂരിൽ വി ഡി സതീശനെ അനുകൂലിച്ച് പ്രവർത്തകർ തെരുവിലിറങ്ങാൻ ആഹ്വാനം നൽകി.കണ്ണൂർ ഇരിട്ടിയിൽ വൈകുന്നേരം 5 മണിക്ക് ആരംഭിക്കുന്ന പ്രകടനത്തിൽ പങ്കെടുക്കണമെന്ന സന്ദേശമാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ‘പേരാവൂർ കോൺഗ്രസുകാർ’ എന്ന പേരിലാണ് ആഹ്വാനം. “നയിച്ചവനെ നയിക്കാൻ അനുവദിക്കില്ല എങ്കിൽ വീട് കയറി വോട്ട് ചോദിച്ച നമുക്കും ചിലത് ചെയ്യാൻ ഉണ്ട് ” എന്ന സന്ദേശവും പ്രചരിക്കുന്നു.തിരഞ്ഞെടുപ്പ് നയിച്ച വി ഡി സതീശൻ തന്നെ മുഖ്യമന്ത്രിയാകണം എന്നാണ് അണികളിൽ പലരും ആവശ്യപ്പെടുന്നത്. ഇന്നലെ എരുമേലി പമ്പാവാലിയിൽ പ്രവർത്തകർ പന്തംകൊളുത്തി പ്രകടനം നടത്തിയിരുന്നു. വി ഡി സതീശനെ മുഖ്യമന്ത്രിയാക്കാൻ ഹൈക്കമാൻഡ് തയ്യാറാകണമെന്നായിരുന്നു ആവശ്യം.സതീശനെ പിന്തുണച്ച് കോട്ടയം പ്രസ് ക്ലബ്ബിന് മുമ്പിൽ ‘വി ഡി നിലപാടുകളുടെ രാജകുമാരൻ’ എന്ന അടിക്കുറിപ്പോടെ ഫ്ലക്സും ഉയർന്നു. ഇത് നേതൃത്വത്തിനുള്ള മുന്നറിയിപ്പാണെന്നും പ്രതിഷേധവുമായി രംഗത്തെത്തിയവർ പറഞ്ഞു.




