ഹോർമുസ് പ്രതിസന്ധി: യുഎഇയുമായി മോദി അടിയന്തര ചര്‍ച്ച; ഗൾഫിൽ ആക്രമണ ഭീഷണി തുടരുന്നു
പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി ടെസഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തി. സമാധാനം പുനഃസ്ഥാപിക്കാൻ വേണ്ടി ഒരുമിച്ച് പ്രവർത്തിക്കുമെന്ന് ഇരു നേതാക്കളും പറഞ്ഞു. യുഎഇയിൽ നടന്ന ആക്രമണങ്ങളെ പ്രധാനമന്ത്രി മോദി അപലപിച്ചു. ഹോർമുസ് കടലിടുക്ക് വഴിയുള്ള നാവിക ഗതാഗതത്തെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു.പതിനെട്ടാം ദിവസവും ഗൾഫ് മേഖലയിൽ ആശങ്കയ്ക്ക് അയവില്ല. പുലർച്ചെ മൂന്ന് തവണ ദുബായും അബുദാബിയും കേന്ദ്രീകരിച്ച് ആക്രമണം ഉണ്ടായി. ഇടയ്ക്ക് ഒരു മണിക്കൂർ യുഎഇ വ്യോമാതിർത്തി അടച്ചിട്ടു. അബൂദബിയിലെ ഷാഹ് ഓയിൽ ഫീൽഡിലും ഫുജൈറ ഓയിൽ ഇൻഡസ്ട്രിയൽ സോണിലും തീപിടുത്തമുണ്ടായി. അബുദാബി ബനിയാസ് ജനവാസമേഖലയിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ചുണ്ടായ അപകടത്തിൽ ഒരു പാകിസ്ഥാൻ സ്വദേശി കൂടി കൊല്ലപ്പെട്ടു.

