റേഷൻ കടയുടെ മറവിൽ പുകയില വിൽപ്പന: 170 കിലോ നിരോധിത ഉൽപ്പന്നങ്ങളുമായി ഹോൾസെയിൽ വ്യാപാരി പിടിയിൽ
തിരുവനന്തപുരം: ആറ്റിങ്ങലിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ ഹോൾസെയിൽ വിൽപ്പന നടത്തുന്നയാൾ പിടിയിൽ. 170 കിലോ പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. പൂവണതുംമൂട് കല്ലിന്മൂട്ടിൽ റേഷൻ കട നടത്തുന്ന നൈഫ് ആണ് പിടിയിലായത്. ആറ്റിങ്ങൽ എക്സൈസ് സർക്കിൾ സംഘം നടത്തിയ പരിശോധനയിൽ സ്‌കൂൾ കുട്ടികൾക്കുൾപ്പെടെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയ രണ്ട് പേരെ പിടികൂടിയിരുന്നു. ഇവരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്‌ഡിസാണ് പ്രതിയെ പിടികൂടിയത്. ആറ്റിങ്ങൽ എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് ഇൻസ്‌പെക്ടർ രചന സി, പ്രിവന്റീവ് ഓഫീസർ ഷിബു എം, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) ദേവിപ്രസാദ്, സിവിൽ എക്സൈസ് ഓഫീസർ ശരത്ബാബു, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ആദർശ് എന്നിവർ റെയ്‌ഡിൽ പങ്കെടുത്തു.



