March 7, 2026

ആര്യവൈദ്യ ഫാർമസി സ്ഥാപകൻ പി വി രാമവാര്യരുടെ മകൾ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ:ജോലിക്കാരിയെ കാണാനില്ല

  • March 7, 2026
  • 1 min read
ആര്യവൈദ്യ ഫാർമസി സ്ഥാപകൻ പി വി രാമവാര്യരുടെ മകൾ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ:ജോലിക്കാരിയെ  കാണാനില്ല

കോയമ്പത്തൂർ: ആര്യവൈദ്യ ഫാർമസി സ്ഥാപകൻ പരേതനായ പി.വി.രാമവാര്യരുടെ മകൾ കസ്തൂരി ജി. കുട്ടിയെ (83) വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കവർച്ചാശ്രമത്തിനിടെ നടന്ന കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ വീട്ടിലെ ഹോം നഴ്‌സായ നേപ്പാൾ സ്വദേശിനി സുർജ റോകേയെയും സംഘത്തെയും കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കി.നഞ്ചുണ്ടാപുരം റോഡിലെ പാഴ്സൺ അപ്പാർട്ട്‌മെന്റിൽ മകനോടൊപ്പം താമസിക്കുകയായിരുന്നു കസ്തൂരി. കൈകാലുകൾ ബന്ധിച്ചും വായ പ്ലാസ്റ്റർ ഉപയോഗിച്ച് ഒട്ടിച്ചും കട്ടിലിൽ കിടത്തിയ നിലയിലായിരുന്നു മൃതദേഹം. മകൻ ഡോ. രാംകുമാർ കുട്ടി വിദേശയാത്രയിലായതിനാൽ കസ്തൂരിയെ സഹായിക്കാനാണ് ഹോം നഴ്‌സായ സുർജയെ വീട്ടിൽ നിർത്തിയിരുന്നത്.വെള്ളിയാഴ്ച രാവിലെ മകൾ ഫോണിൽ വിളിച്ചിട്ട് പ്രതികരണമില്ലാത്തതിനെ തുടർന്ന് അയൽവാസികൾ നടത്തിയ പരിശോധനയിലാണ് കൊലപാതക വിവരം പുറംലോകമറിഞ്ഞത്. കൊലപാതകത്തിൽ സുർജയ്ക്കും മറ്റ് നാലുപേർക്കും പങ്കുണ്ടെന്ന് സംശയിക്കുന്ന നിർണ്ണായക ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു: രാത്രി 12.15-ഓടെ മൂന്ന് പേർ ഫ്ലാറ്റിലെത്തുന്നതും ഇവർക്കായി സുർജ വാതിൽ തുറന്നുകൊടുക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. അരമണിക്കൂറിനുള്ളിൽ ഇവർ ബാഗുമായി വീടിന്റെ മതിൽ ചാടിക്കടന്ന് രക്ഷപ്പെടുന്നത് സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.പ്രതി സുർജയുടെ മൊബൈൽ ഫോൺ വീടിന് സമീപത്തുനിന്ന് പോലീസ് കണ്ടെടുത്തു.വീട്ടിലെ അലമാരകളെല്ലാം കുത്തിത്തുറന്ന നിലയിലാണ്. കസ്തൂരി ധരിച്ചിരുന്ന രണ്ട് പവൻ മാല നഷ്ടപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റ് വിലപിടിപ്പുള്ള വസ്തുക്കൾ നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന് പോലീസ് പരിശോധിച്ചു വരികയാണ്.ഡെപ്യൂട്ടി കമ്മിഷണർ കാർത്തികേയൻ, അസി. കമ്മിഷണർ വസന്തരാജ് എന്നിവരുടെ നേതൃത്വത്തിലുള്ള ആറംഗ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. സുരക്ഷാ ജീവനക്കാരുള്ള അപ്പാർട്ട്‌മെന്റിൽ നടന്ന ഈ ക്രൂരകൃത്യം കോയമ്പത്തൂർ നഗരത്തെ നടുക്കിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *