വിവാഹബന്ധം നിലനിൽക്കെ ജനിച്ച കുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റിൽ കാമുകന്റെ പേര് ചേർക്കാൻ ഹൈക്കോടതി അനുമതി
കൊച്ചി: വിവാഹബന്ധം നിലനിൽക്കെ ജനിച്ച കുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റിൽ പിതാവിന്റെ സ്ഥാനത്ത് കാമുകന്റെ പേര് ചേർക്കാൻ അനുമതി നൽകി കേരള ഹൈക്കോടതി. ഹർജിക്കാരായ ദമ്പതികളോട് കോടതി കർശനമായ നിലപാട് സ്വീകരിച്ചെങ്കിലും, യുവതിയുടെ ആദ്യ ഭർത്താവിന്റെ മാന്യമായ പെരുമാറ്റത്തെയും കുഞ്ഞിന്റെ ഭാവിയെയും പരിഗണിച്ച് ജസ്റ്റിസ് പി.വി. കുഞ്ഞിക്കൃഷ്ണൻ അനുകൂല വിധി പുറപ്പെടുവിക്കുകയായിരുന്നു.തൃശൂർ സ്വദേശിനിയായ യുവതി വിവാഹബന്ധത്തിൽ ഇരിക്കെ തന്നെ 2017-ൽ കാമുകനിൽ നിന്ന് ഒരു പെൺകുഞ്ഞിന് ജന്മം നൽകിയിരുന്നു. എന്നാൽ ജനന സർട്ടിഫിക്കറ്റിൽ പിതാവിന്റെ സ്ഥാനത്ത് രേഖപ്പെടുത്തിയത് യുവതിയുടെ ആദ്യ ഭർത്താവിന്റെ പേരായിരുന്നു. ഏതാണ്ട് ആറ് വർഷത്തോളം ഈ വിവരങ്ങൾ മാറ്റമില്ലാതെ തുടർന്നു. ഇതിനിടയിൽ 2023-ൽ യുവതിയും ആദ്യ ഭർത്താവും ഉഭയസമ്മതപ്രകാരം വിവാഹമോചനം നേടി. തുടർന്ന് യുവതി തന്റെ കാമുകനെ വിവാഹം കഴിക്കുകയും, കുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റിലെ പിതാവിന്റെ പേര് തിരുത്തണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയുമായിരുന്നു.ഹർജി പരിഗണിച്ച ജസ്റ്റിസ് പി.വി. കുഞ്ഞിക്കൃഷ്ണൻ, ഹർജിക്കാരുടെ നടപടികളിൽ അതൃപ്തി രേഖപ്പെടുത്തി. യുവതിയും കാമുകനും സഹതാപം അർഹിക്കുന്നില്ലെന്ന് നിരീക്ഷിച്ച കോടതി, എന്നാൽ ആദ്യ ഭർത്താവിന്റെ നിലപാടിനെ പ്രത്യേകം പ്രശംസിച്ചു. കുഞ്ഞിന്റെ പിതാവല്ലെന്ന് ബോധ്യമുണ്ടായിട്ടും ഇത്രയും കാലം പുലർത്തിയ സംയമനവും, പേര് മാറ്റുന്നതിൽ എതിർപ്പില്ലെന്ന് അറിയിച്ച അദ്ദേഹത്തിന്റെ നിലപാടും ‘മാന്യമായ പെരുമാറ്റം’ (Gentlemanly conduct) ആണെന്ന് കോടതി വിശേഷിപ്പിച്ചു.സ്ത്രീകളെപ്പോലെ തന്നെ പുരുഷന്മാർക്കും അന്തസ്സും ആത്മാഭിമാനവും ഉണ്ടെന്ന് കോടതി ഓർമ്മിപ്പിച്ചു. നിരപരാധിയായ ഒരു മനുഷ്യന്റെ പേര് പിതാവിന്റെ സ്ഥാനത്ത് തുടരുന്നത് അദ്ദേഹത്തിന്റെ അന്തസ്സിനെ ബാധിക്കുമെന്നും, കുഞ്ഞിന്റെ യഥാർത്ഥ പിതാവിനെ രേഖപ്പെടുത്തേണ്ടത് കുട്ടിയുടെ ഭാവിക്ക് അത്യാവശ്യമാണെന്നും കോടതി വിലയിരുത്തി. ഇതനുസരിച്ച് പുതിയ അപേക്ഷ സമർപ്പിച്ചാൽ 30 ദിവസത്തിനുള്ളിൽ സർട്ടിഫിക്കറ്റിൽ മാറ്റം വരുത്താൻ ബന്ധപ്പെട്ട അധികൃതർക്ക് കോടതി നിർദ്ദേശം നൽകി.


