March 1, 2026

ഗൾഫ്‌മേഖലയിൽ 700 സർവീസുകൾ റദ്ദാക്കി: യുഎഇയിൽ 20,000-ത്തിലേറെ യാത്രക്കാർ വിമാനത്താവളങ്ങളിൽ കുടുങ്ങി

  • March 1, 2026
  • 1 min read
ഗൾഫ്‌മേഖലയിൽ 700 സർവീസുകൾ റദ്ദാക്കി: യുഎഇയിൽ 20,000-ത്തിലേറെ യാത്രക്കാർ വിമാനത്താവളങ്ങളിൽ കുടുങ്ങി

ദുബായ്: അബുദാബി, ദുബായ് വിമാനത്താവളങ്ങൾക്കുനേരെയുണ്ടായ ഇറാന്റെ ആക്രമണത്തെത്തുടർന്ന് യുഎഇയിൽനിന്നുള്ള ഇരുപതിനായിരത്തിലധികം യാത്രക്കാർ പ്രതിസന്ധിയിൽ. 20,200 യാത്രക്കാരാണ് വിമാനത്താവളങ്ങളിൽ കുടുങ്ങിയത്. യാത്രക്കാരെ സുരക്ഷിതകേന്ദ്രങ്ങളിലേക്കും ഹോട്ടലുകളിലേക്കും മാറ്റിയെന്ന് യുഎഇ അധികൃതർ അറിയിച്ചു. ഭക്ഷണവും വെള്ളവും അടിസ്ഥാനസൗകര്യങ്ങളും യാത്രക്കാർക്ക് ഉറപ്പാക്കിയെന്നും അധികൃതർ വ്യക്തമാക്കി.വ്യോമപാതകൾ അടച്ചതിനെത്തുടർന്ന് ദുബായിലേക്കും പുറത്തേക്കുമുള്ള എല്ലാ സർവീസുകളും താത്കാലികമായി നിർത്തിവെച്ചതായി എമിറേറ്റ്സ് അറിയിച്ചു. ഞായറാഴ്ച വൈകീട്ട് മൂന്നുവരേയാണ് സർവീസുകൾ നിർത്തിവെച്ചത്. അടുത്ത മൂന്നുദിവസത്തേക്ക് ടിക്കറ്റ് ബുക്ക് ചെയ്തവർക്ക്, 10 ദിവസത്തിനുള്ളിൽ മറ്റൊരു വിമാനം ബുക്ക് ചെയ്യാം. അതല്ലെങ്കിൽ പണം തിരികെ ആവശ്യപ്പെടാമെന്നും എമിറേറ്റ്സ് അറിയിച്ചു യാത്രക്കായി വിമാനത്താവളങ്ങളിലേക്ക് പുറപ്പെടുമുമ്പ് വിമാനങ്ങളുടെ നിലവിലെ സ്റ്റാറ്റസ് പരിശോധിക്കണമെന്നും വിമാനക്കമ്പനി നിർദേശിച്ചു.ഗൾഫിൽ 700-ലേറെ വിമാനങ്ങൾ റദ്ദാക്കിയതായി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു. പഞ്ചിമേഷ്യയിൽനിന്ന് സർവീസ് നടത്തുന്ന 4,329 വിമാനങ്ങളിൽ ഞായറാഴ്ചത്തെ 716 വിമാനങ്ങൾ റദ്ദാക്കിയതായാണ് റിപ്പോർട്ട്. കൂടുതൽ വിമാനങ്ങൾ റദ്ദാക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. എമിറേറ്റ്‌സ്, ഫ്‌ളൈദുബായി, എത്തിഹാദ് എയർവെയ്‌സ്, എയർ അറേബ്യ, ഖത്തർ എയർവെയ്‌സ്, ഇൻഡിഗോ, എയർ ഇന്ത്യ എക്‌സ്പ്രസ്, എയർ ഇന്ത്യ, ബ്രിട്ടീഷ് എയർവെയ്‌സ്, സൗദിയ, ഒമാൻ എയർ ഉൾപ്പെടെയുള്ള വിമാനക്കമ്പനികളാണ് സർവീസ് റദ്ദാക്കിയത്.ഗൾഫിൽ മൂന്നുവിമാനത്താവളങ്ങൾക്കുനേരേയാണ് ഇറാൻ ആക്രമണമുണ്ടായത്.ദുബായ്, അബുദാബി വിമാനത്താവളങ്ങൾക്കുപുറമേ ബഹ്‌റൈൻ വിമാനത്താവളത്തിനുനേരേയും ആക്രമണമുണ്ടായി. ഒരാൾ മരിക്കുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.അബുദാബി വിമാനത്താവളത്തിന് നേരേയുണ്ടായ ആക്രമണത്തിലാണ് ഒരാൾ മരിച്ചത്. ഇവിടെ ഏഴുപേർക്ക് പരിക്കേറ്റു. ദുബായ് വിമാനത്താവളത്തിൽ നാലുപേർക്കും പരിക്കേറ്റു. മിസൈൽ ആക്രമണത്തിൽ ബഹ്‌റൈൻ വിമാനത്താവളത്തിന് കേടുപാടുപറ്റി.

Leave a Reply

Your email address will not be published. Required fields are marked *