May 8, 2026

പ്രകടനങ്ങളും ഫ്ലക്സുകളും വേണ്ട’; അണികളോട് വി.ഡി. സതീശൻ, ഹൈക്കമാൻഡ് തീരുമാനം ഉടൻ

  • May 8, 2026
  • 1 min read
പ്രകടനങ്ങളും ഫ്ലക്സുകളും വേണ്ട’; അണികളോട് വി.ഡി. സതീശൻ, ഹൈക്കമാൻഡ് തീരുമാനം ഉടൻ

കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെച്ചൊല്ലിയുള്ള തർക്കം തെരുവിലേക്ക് നീങ്ങിയ പശ്ചാത്തലത്തിൽ, അണികളോട് സംയമനം പാലിക്കാൻ അഭ്യർത്ഥിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്തെത്തി. തർക്കങ്ങൾക്കിടയിൽ ഡൽഹിയിൽ ഹൈക്കമാൻഡ് ചർച്ചകൾ നിർണ്ണായക ഘട്ടത്തിലേക്ക് കടക്കുകയാണ്.യു.ഡി.എഫിന്റെ ചരിത്ര വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി കസേരയെച്ചൊല്ലി കോൺഗ്രസിനുള്ളിൽ ഗ്രൂപ്പ് പോര് രൂക്ഷമായ സാഹചര്യത്തിലാണ് വി.ഡി. സതീശന്റെ ഫേസ്ബുക്ക് കുറിപ്പ് പുറത്തുവന്നത്. തിരുവനന്തപുരം മുതൽ മലപ്പുറം വരെ അദ്ദേഹത്തിന്റെ അനുയായികൾ തെരുവിൽ പ്രകടനങ്ങൾ നടത്തവെയാണ് ഈ അഭ്യർത്ഥന.ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ:”102 സീറ്റുമായി കോൺഗ്രസിൻ്റെയും യു.ഡി.എഫിൻ്റെയും ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് നമ്മൾ നേടിയത്. കോൺഗ്രസ് നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കാനുള്ള ആദ്യഘട്ട നടപടികൾ പൂർത്തിയായി. രണ്ടാം ഘട്ട നടപടികളിലേക്ക് AICC കടക്കുന്നു. നമുക്കിത് സന്തോഷത്തിൻ്റേയും അഭിമാനത്തിൻ്റേയും നിമിഷങ്ങളാണ്.ഇത്തരമൊരു സാഹചര്യത്തിൽ പാർട്ടിക്കും മുന്നണിക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നും നേതാക്കളുടേയും പ്രവർത്തകരുടേയും ഭാഗത്ത് നിന്നുണ്ടാകാൻ പാടില്ല. ചേരിതിരിഞ്ഞ് പ്രകടനങ്ങൾ നടത്തുന്നതും ഫ്ളക്സുകൾ സ്ഥാപിക്കുന്നതും ഒഴിവാക്കണം. അത്തരം നടപടികളിൽ നിന്ന് പ്രിയപ്പെട്ട കോൺഗ്രസ് -യു.ഡി.എഫ് പ്രവർത്തകർ പിൻമാറണമെന്ന് സ്‌നേഹപൂർവം അഭ്യർഥിക്കുന്നു.”മുഖ്യമന്ത്രി ചർച്ചകൾക്കായി വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് എന്നിവരെ ഹൈക്കമാൻഡ് ഡൽഹിയിലേക്ക് വിളിപ്പിച്ചു. നിലവിൽ ഡൽഹിയിലുള്ള കെ.സി. വേണുഗോപാലുമായി ചേർന്ന് ശനിയാഴ്ച നിർണ്ണായക ചർച്ചകൾ നടക്കും. എ.ഐ.സി.സി നിരീക്ഷകരായ അജയ് മാക്കനും മുകുൾ വാസ്നിക്കും തയ്യാറാക്കിയ റിപ്പോർട്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് കൈമാറി. റിപ്പോർട്ടിൽ കെ.സി. വേണുഗോപാലിന് എം.എൽ.എമാർക്കിടയിൽ വലിയ പിന്തുണയുണ്ടെന്നാണ് സൂചന. എന്നാൽ ജനവികാരവും ഘടകകക്ഷികളുടെ നിലപാടും കണക്കിലെടുക്കണമെന്ന് മുതിർന്ന നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *