+2 വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവം. ആണ്‍ സുഹൃത്ത് ജാവേദ് കസ്റ്റഡിയില്‍

തിരുവല്ലയില്‍ +2 വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവം. ആണ്‍ സുഹൃത്ത് ജാവേദ് കസ്റ്റഡിയില്‍
തിരുവല്ല; പെൺകുട്ടിയെ തോളിൽ ഇട്ടു ഓടുന്ന യുവാവിനെ കണ്ടു അയൽക്കാർ ഞെട്ടി. തിരുവല്ലയിൽ നടന്ന സംഭവത്തിൽ നടുക്കത്തിൽ നിന്ന് വിട്ടുമാറാതെ നാട്ടുകാർ. തിരുവല്ല കാവുംഭാഗത്ത് പ്ലസ് ടു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവം നാടിനെ നടുക്കിയിരിക്കുകയാണ്. 17 വയസ്സുകാരിയായ പെൺകുട്ടിയാണ് ആൺസുഹൃത്തുമായുണ്ടായ തർക്കത്തെത്തുടർന്ന് സ്വന്തം വീട്ടിലെ അടുക്കളയിൽ തൂങ്ങിമരിച്ചത്. സ്കൂളിലെ മോഡൽ പരീക്ഷ കഴിഞ്ഞ് മടങ്ങവേ കാവുംഭാഗം ജംഗ്ഷനിൽ വെച്ച് ആൺസുഹൃത്തായ ജാവേദുമായി (21) പെൺകുട്ടി തർക്കത്തിലേർപ്പെട്ടിരുന്നു. താൻ വാങ്ങിനൽകിയ മൊബൈൽ ഫോൺ ജാവേദ് എറിഞ്ഞുടയ്ക്കുകയും പെൺകുട്ടിയുടെ സഹോദരന് നൽകിയ ഫോൺ തിരികെ ആവശ്യപ്പെടുകയും ചെയ്തതാണ് തർക്കത്തിന് കാരണമായത്. ഇതിന് പിന്നാലെ വീട്ടിലെത്തിയ പെൺകുട്ടി ആത്മഹത്യ ചെയ്യുകയാണെന്ന് യുവാവിനെ ഫോണിൽ വിളിച്ചറിയിച്ച ശേഷമാണ് ജീവനൊടുക്കിയത്. സംഭവസമയത്ത് പെൺകുട്ടിയുടെ മുത്തശ്ശി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വിവരമറിഞ്ഞ് ജാവേദ് വീട്ടിലെത്തിയപ്പോഴാണ് നാട്ടുകാർ കാര്യങ്ങൾ അറിഞ്ഞത്. ജാവദ് പെൺകുട്ടിയെ തോളിൽ ഇട്ടു ഓടുന്നത് കണ്ട നാട്ടുകാർ ഉടൻ തന്നെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിച്ചു എങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണവുമായി ബന്ധപ്പെട്ട് വായ്പൂര് സ്വദേശിയായ ജാവേദിനെ തിരുവല്ല പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാൾക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നാണ് സൂചന. മൃതദേഹം നിലവിൽ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.




