March 22, 2026

ടി20 ലോകകപ്പ് : നമീബിയക്കെതിരെ ഇന്ത്യക്ക് അനായാസ ജയം, 15ന് പാകിസ്താനെതിരെ

  • February 13, 2026
  • 1 min read

ടി20 ലോകകപ്പ് : നമീബിയക്കെതിരെ ഇന്ത്യക്ക് അനായാസ ജയം

ന്യൂഡല്‍ഹി : ടി20 ലോകകപ്പിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും ഇന്ത്യക്ക് ജയം. നമീബിയക്കെതിരെ 93 റൺസിനാണ് ഇന്ത്യയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയുയർത്തിയ 210 റൺസ് ലക്ഷ്യം പിന്തുടർന്ന നമീബിയ 116 റൺസിന് പുറത്താവുകയായിരുന്നു. ഇന്ത്യക്കായി വരുൺ ചക്രവർത്തി മൂന്നും അക്‌സർ പട്ടേൽ, ഹർദിക് പാണ്ട്യ എന്നിവർ രണ്ട് വിക്കറ്റും വീഴ്ത്തി.ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കമാണ് സഞ്ജു സാംസൺ നൽകിയത്. 8 പന്തിൽ 3 സിക്‌സും 1 ഫോറും അടക്കം 22 നേടിയ താരത്തെ ബെൻ ഷികോങ്കോ ലോറൻ സ്റ്റീൻകാമ്പിന്റെ കയ്യിലെത്തിച്ചു. ആദ്യ വിക്കറ്റ് വീണതിന് പിന്നാലെ ഗിയർ മാറ്റിയ ഇഷാൻ തിലക് വർമയെ കൂട്ടുപിടിച്ച് സ്‌കോർ ബോർഡ് ചലിപ്പിച്ചു. എട്ടാം ഓവറിലെ ആദ്യ പന്തിൽ ഇഷാൻ മടങ്ങുമ്പോൾ ഇരുവരും 79 റൺസ് കൂട്ടുകെട്ട് പടുത്തുയർത്തിയിരുന്നു. 24 പന്തിൽ 6 ഫോറും 5 സിക്‌സും ഉൾപ്പടെ 61 റൺസാണ് ഇഷാൻ അടിച്ചെടുത്തത്. പിന്നാലെയിറങ്ങിയ നായകൻ സൂര്യ കുമാർ യാദവിന് കഴിഞ്ഞ മത്സരത്തിലെ പോലെ തിളങ്ങാനായില്ല, 13 പന്തിൽ 12 റൺസ് മാത്രം നേടി താരം മടങ്ങുമ്പോൾ 10.1 ഓവറിൽ 120ന് 3 എന്ന നിലയിലായിരുന്നു ഇന്ത്യ. രണ്ടോവർ വ്യത്യാസത്തിൽ തിലക് വർമ കൂടി പുറത്തായതോടെ ഇന്ത്യൻ റൺ റേറ്റ് കുത്തനെ ഇടിഞ്ഞു.അഞ്ചാം വിക്കറ്റിലെ ഹർദിക് – ശിവം ദുബെ കൂട്ടുകെട്ടാണ് ഇന്ത്യൻ സ്‌കോർ വീണ്ടും മുന്നോട്ട് ചലിപ്പിച്ചത്. ഒരറ്റത്ത് ഹർദിക് പവർ ഹിറ്റിങ്ങിലൂടെ റൺസ് ചേർത്തപ്പോൾ ദുബെ കൃത്യമായ ഇടവേളകളിൽ സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്ത് മികച്ച പിന്തുണ നൽകി. 28 പന്തിൽ നാല് വീതം സിക്‌സും ഫോറുമായി 52 നേടി ഹാദിക് മടങ്ങുമ്പോൾ ഇരുവരും 81 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. ഒരു വേള 250ന് മുകളിൽ പോകുമെന്ന് തോന്നിച്ച ഇന്ത്യൻ സ്‌കോർ നമീബിയ പിടിച്ചുകെട്ടിയത് അവസാന ഓവറുകളിലാണ്. അവസാന 10 പന്തിൽ അഞ്ച് ഇന്ത്യൻ വിക്കറ്റുകളാണ്‌ നമീബിയൻ ബോളർമാർ എറിഞ്ഞിട്ടത്. ഉപനായകൻ അക്‌സർ പട്ടേൽ പൂജ്യത്തിനും റിങ്കു സിങ് ഒരു റൺസിനും പുറത്തായി. നമീബിയക്കായി നായകൻ ജെറാഡ് എറാസ്മസ് നാല് വിക്കറ്റ് വീഴ്ത്തി.മറുപടി ബാറ്റിങ്ങിൽ ഓപണർ യാൻ ഫ്രൈലിങ്കിന്റെ വിക്കറ്റ് വീഴ്ത്തി അർശ്ദീപ് സിങ് നമീബിയക്ക് ആദ്യ പ്രഹരമേല്പിച്ചു. പിന്നാലെ ഇറങ്ങിയ നിക്കോൾ ലോഫ്റ്റിയെ കൂട്ടുപിടിച്ച് ലോറൻ സ്‌കോർ ബോർഡ് ചലിപ്പിക്കവേ വരുൺ ചക്രവർത്തിയെത്തി. തന്റെ ആദ്യ പന്തിൽ വിക്കറ്റ് വീഴ്ത്തിയ താരം അതെ ഓവറിൽ വെറും നാല് റൺസ് മാത്രമാണ് വിട്ടുകൊടുത്തത്. തൊട്ടടുത്ത ഓവറിൽ മൂന്ന് റൺസ് മാത്രം വിട്ടുനൽകി രണ്ട് വിക്കറ്റ് കൂടി നേടിയ താരം മത്സരം ഇന്ത്യക്ക് അനുകൂലമാക്കി. നായകൻ എറസ്മസ്, ബാറ്റർ മലൻ ക്രുഗർ എന്നിവരുടെ വിക്കറ്റ് അക്‌സർ പട്ടേൽ കൂടി വീഴ്ത്തിയതോടെ നമീബിയ 94ന് 6 എന്ന നിലയിലേക്ക് കൂപ്പുകുത്തി. ടീമിലേക്ക് മടങ്ങിയെത്തിയ ജസ്പ്രീത് ബുമ്ര ഒരു വിക്കറ്റ് നേടി.രണ്ട് മത്സരങ്ങൾ ജയിച്ച ഇന്ത്യ പോയിന്റ് പട്ടികയിൽ ഒന്നാമതാണ്. ഫെബ്രുവരി 15ന് പാകിസ്താനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

Leave a Reply

Your email address will not be published. Required fields are marked *