ഭാരത് ടാക്‌സി വരുന്നു ഓല, ഊബര്‍ വിസ്മൃതിയിലേയ്ക്ക ആക്കാം

ഭാരത് ടാക്‌സി വരുന്നു ഓല, ഊബര്‍ വിസ്മൃതിയിലേയ്ക്ക് ആക്കാം
ഭാരതത്തിന്റെ യാത്രാ മേഖലയിൽ വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിച്ചുകൊണ്ട് ‘ഭാരത് ടാക്സി’ ഇന്ന് നിരത്തിലിറങ്ങുന്നു. കേന്ദ്ര സഹകരണ മന്ത്രി അമിത് ഷാ ഇന്ന് ഉച്ചയ്ക്ക് 3 മണിക്ക് ഡൽഹിയിൽ വെച്ച് ഭാരത് ടാക്സി ആപ്പ് ഔദ്യോഗികമായി ലോഞ്ച് ചെയ്യും. സ്വകാര്യ വിദേശ കമ്പനികളുടെ ചൂഷണത്തിൽ നിന്ന് ഡ്രൈവർമാരെയും യാത്രക്കാരെയും മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ‘സഹകാർ ടാക്സി കോഓപ്പറേറ്റീവ് ലിമിറ്റഡ്’ ആണ് ഈ സംരംഭത്തിന് പിന്നിൽ പ്രവർത്തിക്കുന്നത്. സ്വകാര്യ ടാക്സി അഗ്രഗേറ്ററുകൾ ഓരോ യാത്രയിൽ നിന്നും 30 മുതൽ 50 രൂപ വരെ കമ്മീഷൻ ഇനത്തിൽ ഈടാക്കുമ്പോൾ, ഭാരത് ടാക്സിയിൽ ഡ്രൈവർമാർക്ക് കമ്മീഷൻ നൽകേണ്ടതില്ല എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. പകരം ഒരു ദിവസം വെറും 30 രൂപ മാത്രം ആപ്പ് ഉപയോഗിക്കുന്നതിനായി നൽകിയാൽ മതി.

ഇതുവഴി ഡ്രൈവർമാരുടെ വരുമാനം വർദ്ധിക്കുന്നതിനൊപ്പം യാത്രക്കാർക്ക് 30 ശതമാനം വരെ കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാനും സാധിക്കും. ഡ്രൈവർമാരെ വെറും തൊഴിലാളികളായല്ല, മറിച്ച് ‘സാരഥി’കളായാണ് ഭാരത് ടാക്സി പരിഗണിക്കുന്നത്. ഓരോ സാരഥിക്കും ഈ സഹകരണ സംഘത്തിൽ അഞ്ച് ഓഹരികൾ വീതം ഉണ്ടായിരിക്കും. സുരക്ഷയുടെ കാര്യത്തിലും വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ഭാരത് ടാക്സിയുടേത്. ഡൽഹി പോലീസുമായി സഹകരിച്ച് യാത്രക്കാരുടെ പരാതികൾ പരിഹരിക്കുന്നതിനായി 35 പ്രത്യേക ബൂത്തുകൾ ഇതിനോടകം സജ്ജീകരിച്ചിട്ടുണ്ട്. എല്ലാ ഡ്രൈവർമാരെയും കർശനമായ പോലീസ് വെരിഫിക്കേഷന് ശേഷമാണ് പ്ലാറ്റ്‌ഫോമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ഡിസംബറിൽ ഡൽഹിയിലും ഗുജറാത്തിലും പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങിയ ഭാരത് ടാക്സിക്ക് വലിയ ജനപിന്തുണയാണ് ലഭിച്ചത്. ദിവസേന ശരാശരി 5,500 യാത്രകൾ ഇതിനോടകം നടക്കുന്നുണ്ട്. നാല് ലക്ഷത്തിലധികം ഡ്രൈവർമാരാണ് നിലവിൽ ഭാരത് ടാക്സിയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്.എസി, നോൺ എസി കാറുകൾക്ക് പുറമെ ഓട്ടോ, ബൈക്ക് ടാക്സി സേവനങ്ങളും ആപ്പിൽ ലഭ്യമാണ്. വിദേശ മൂലധന കമ്പനികളുടെ കുത്തക തകർത്ത് സാധാരണക്കാരന്റെ പോക്കറ്റ് ചോരാത്ത യാത്രാ സൗകര്യം ഒരുക്കുന്ന ഭാരത് ടാക്സി, നവഭാരതത്തിന്റെ വളർച്ചയിൽ മറ്റൊരു സുപ്രധാന നാഴികക്കല്ലായി മാറും.

