മഞ്ചേശ്വരത്ത് ലഹരിക്കടിമയായ പിതാവ് 18 വയസ്സുകാരിയെ വെട്ടിക്കൊന്നു
മഞ്ചേശ്വരം: മഞ്ചേശ്വരം കുഞ്ചത്തൂർ തൂമിനാട് സ്വദേശിനിയായ 18 വയസ്സുകാരി ജുമൈല പിതാവിന്റെ വെട്ടേറ്റ് മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പിതാവ് ഉമ്മർ ഫറൂഖിനെ (ഉമർ) മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്തു. ലഹരിക്കടിമയായ പ്രതിയും കുടുംബവും തമ്മിലുണ്ടായിരുന്ന തർക്കങ്ങളാണ് ദാരുണമായ കൊലപാതകത്തിൽ കലാശിച്ചതെന്ന് സംശയിക്കുന്നു.തിങ്കളാഴ്ച വൈകിട്ടായിരുന്നു നാടിനെ നടുക്കിയ സംഭവം. വീട്ടിലെത്തിയ ഉടൻ തന്നെ ഉമ്മർ ജുമൈലയെ മാരകമായി വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. നിലവിളി കേട്ടെത്തിയ അയൽവാസികൾ രക്തത്തിൽ കുളിച്ചുകിടക്കുന്ന പെൺകുട്ടിയെയാണ് കണ്ടത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലപാതകം നടക്കുമ്പോൾ ജുമൈലയുടെ അമ്മയും വീട്ടിലുണ്ടായിരുന്നു.വിദേശത്തായിരുന്ന പ്രതി മൂന്ന് മാസം മുൻപാണ് നാട്ടിലെത്തിയത്. ലഹരി മരുന്നിന് അടിമയായ ഇയാൾ വീട്ടിൽ സ്ഥിരമായി വഴക്കുണ്ടാക്കാറുണ്ടായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു. ദമ്പതികൾ വിവാഹമോചനത്തിന്റെ വക്കിലായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. ലഹരി ഉപയോഗിച്ചെത്തി ഇയാൾ ബഹളമുണ്ടാക്കുന്നത് പതിവായതോടെ കുടുംബം കടുത്ത മാനസിക വിഷമത്തിലായിരുന്നു.പ്രതിക്കെതിരെ മുൻപും നിരവധി കേസുകൾ ഉള്ളതായാണ് വിവരം. മൃതദേഹം മഞ്ചേശ്വരത്തെ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പ്രതിയെ സ്റ്റേഷനിൽ ചോദ്യം ചെയ്തു വരികയാണെന്നും കൊലപാതകത്തിന് പിന്നിലെ വ്യക്തമായ കാരണം അന്വേഷണത്തിന് ശേഷമേ സ്ഥിരീകരിക്കാനാവൂ എന്നും പൊലീസ് അറിയിച്ചു.
