വിധിക്കെതിരെ ജ്വല്ലറി ഉടമ ഗോവര്‍ധന്‍ സുപ്രീംകോടതിയിൽ

ശബരിമല സ്വർണക്കവർച്ച കേസ്; ജാമ്യം നിഷേധിച്ച ഹൈക്കോടതി വിധിക്കെതിരെ ജ്വല്ലറി ഉടമ ഗോവര്‍ധന്‍ സുപ്രീംകോടതിയിൽ
ന്യൂഡൽഹി : ശബരിമല സ്വർണക്കവർച്ച കേസിൽ ജാമ്യം തേടി ജ്വല്ലറി ഉടമ ഗോവര്‍ധന്‍ സുപ്രീംകോടതിയിൽ. ഹൈക്കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് അപ്പീലുമായി ഗോവര്‍ധന്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ഹൈക്കോടതി വിധിയെ ചോദ്യം ചെയ്തുകൊണ്ടാണ് അപ്പീൽ നൽകിയിരിക്കുന്നത്. താൻ അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും തന്‍റെ കസ്റ്റഡി ഇനി ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഗോവര്‍ധന്‍ അപ്പീൽ നൽകിയത്. ജനുവരി 21 ന് ആണ് കേസ് പരിഗണിച്ച ഘട്ടത്തിൽ ഹൈക്കോടതി ഗോവര്‍ധന്റെ ജാമ്യാപേക്ഷ തള്ളിയത്. എ.പത്മകുമാർ, മുരാരി ബാബു, ഗോവർധൻ എന്നിവർക്കായിരുന്നു ജാമ്യം നിഷേധിച്ചത്. മൂവരുടെയും ജാമ്യാപേക്ഷകൾ ഹൈക്കോടതി തള്ളി. കട്ടിപ്പാളി – ദ്വാരപാലക കേസുകളിൽ മുരാരി ബാബു അറസ്റ്റിലായി 90 ദിവസം പിന്നിട്ടതിനാൽ അദ്ദേഹത്തിന് സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു . ദ്വാരപാലക കേസിൽ മുഖ്യ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ കട്ടിളപ്പാളി കേസിൽ 90 ദിവസം പൂർത്തിയാകാത്തതിനാൽ പുറത്തിറങ്ങാനായിരുന്നില്ല. ശബരിമല സ്വർണ്ണക്കൊള്ളയിലെ ആദ്യ ജാമ്യമാണ് ഉണ്ണികൃഷ്ണൻ പോറ്റിക്ക് ലഭിച്ചതെങ്കിലും ജാമ്യം കിട്ടി പുറത്തിറങ്ങിയ ആൾ മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവാണ്.


