February 5, 2026

ദാദ യുടെ വേര്‍പ്പാടുപോലെ സഞ്ജയ്, വൈഎസ്ആറും

  • January 29, 2026
  • 1 min read

‘ദാദ’ എന്നായിരുന്നു അജിത് അനന്ത്റാവു പവാര്‍ എന്ന അജിത് പവാറിനെ അദ്ദേഹത്തിന്റെ അനുയായികള്‍ സ്നേഹപൂര്‍വം വിളിച്ചിരുന്നത്. പിതൃസഹോദരനും എന്‍സിപി അതികായനുമായ ശരദ് പവാറിന്റെ പാത പിന്തുടര്‍ന്ന് രാഷ്ട്രീയത്തിലെത്തിയ അജിത്, മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ വലിയ ചില പൊളിച്ചെഴുതലുകള്‍ക്ക് കാരണക്കാരനാവുകയും ചെയ്തു. എന്‍സിപി പിളര്‍ത്തി എന്‍ഡിഎയ്ക്കൊപ്പം ചേര്‍ന്ന് ഉപമുഖ്യമന്ത്രിയായതുമുതല്‍ പല ചടുലനീക്കങ്ങളും അജിത് പവാര്‍ രാഷ്ട്രീയ ജീവിതത്തില്‍ നടത്തിയിട്ടുണ്ട്.

ബുധനാഴ്ച, ബാരാമതിയില്‍ പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ പോകവേയാണ് അജിത് പവാര്‍ വിമാനാപകടത്തില്‍ മരിച്ചത്. ബാരാമതി വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ്ങിനിടെയായിരുന്നു ദുരന്തം. പവാര്‍കുടുംബത്തിന്റെ ശക്തിദുര്‍ഗമായി വിശേഷിപ്പിക്കപ്പെടുന്നിടം കൂടിയാണ് ബാരാമതി. അവിടുത്തെ മണ്ണിലാണ് അജിത്തിന്റെ ജീവന്‍ പൊലിഞ്ഞതും.

സഞ്ജയ് ഗാന്ധി, മാധവ് റാവു സിന്ധ്യ, ജിഎംസി ബാലയോഗി, വൈഎം രാജശേഖര റെഡ്ഡി എന്നിങ്ങനെ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ തലപ്പൊക്കമുള്ള പല നേതാക്കള്‍ക്കും ആകാശദുരന്തങ്ങളിലാണ് ജീവന്‍ നഷ്ടപ്പെട്ടിട്ടുള്ളത്. ഇക്കൂട്ടത്തിലേക്ക് ചേരുകയാണ് ഇപ്പോള്‍ അജിത് പവാറിന്റെ പേരും.

കോണ്‍ഗ്രസ് നേതാവും ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ മകനുമായ സഞ്ജയ് ഗാന്ധി 1980 ജൂണ്‍ 23-നാണ് വിമാനാപകടത്തില്‍ മരിച്ചത്. സഫ്ദര്‍ജങ് വിമാനത്താവളത്തിന് സമീപം ഡല്‍ഹി ഫ്ലൈിങ് ക്ലബ്ലില്‍ അഭ്യാസപ്രകടനങ്ങള്‍ക്ക് ശ്രമിക്കവേയാണ് അദ്ദേഹത്തിന്റെ ചെറുവിമാനം തകര്‍ന്നുവീണത്.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ സിവില്‍ ഏവിയേഷന്‍ മന്ത്രിയുമായിരുന്ന മാധവ് റാവു സിന്ധ്യ, 2001 സെപ്റ്റംബര്‍ മുപ്പതിനാണ് വിമാനാപകടത്തില്‍ മരിച്ചത്. ഉത്തര്‍പ്രദേശിലെ കാണ്‍പുരിലേക്ക് രാഷ്ട്രീയ റാലിയില്‍ പങ്കെടുക്കാന്‍ പോകവേ ആയിരുന്നു അപകടം. പത്തുപേര്‍ക്ക് സഞ്ചരിക്കാനാവുന്ന സ്വകാര്യ ചെറുവിമാനം മോശം കാലാവസ്ഥയെ തുടര്‍ന്നാണ് മേയിന്‍പുരിക്ക് സമീപത്തുവെച്ച് തകര്‍ന്നുവീണത്. നിലവിലെ കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ പിതാവാണ് മാധവ് റാവു സിന്ധ്യ.

ലോക്സഭാ സ്പീക്കറും ടിഡിപി നേതാവുമായിരുന്ന ജിഎംസി ബാലയോഗിയും വിമാനാപകടത്തിലാണ് മരിച്ചത്. 2002 മാര്‍ച്ച് മൂന്നിനായിരുന്നു അപകടം. ആന്ധ്രപ്രദേശിലെ വെസ്റ്റ് ഗോദാവരി ജില്ലയിലെ ഭിമാവരത്തുനിന്ന് അദ്ദേഹവുമായി പുറപ്പെട്ട സ്വകാര്യ ഹെലികോപ്റ്റര്‍ കൃഷ്ണ ജില്ലയിലെ കൈകാലുരിന് സമീപത്ത് തകര്‍ന്നുവീഴുകയായിരുന്നു.

മേഘാലയയുടെ ഗ്രാമവികസന വകുപ്പുമന്ത്രിയായിരുന്ന സി. സാങ്മ 2004 സെപ്റ്റംബര്‍ 22-നുണ്ടായ ഹെലികോപ്ടര്‍ അപകടത്തിലാണ് കൊല്ലപ്പെട്ടത്. പവന്‍ ഹംസ് ഹെലികോപ്ടറില്‍ അദ്ദേഹത്തെ കൂടാതെ വേറെ ഒന്‍പതുപേര്‍ കൂടിയുണ്ടായിരുന്നു. ഗുവാവത്തിയില്‍നിന്ന് ഷില്ലോങ്ങിലേക്കുള്ള യാത്രയ്ക്കിടെ ബാരാപാനി തടാകത്തിന് സമീപമാണ് ഹെലിക്കോപ്ടര്‍ തടര്‍ന്നുവീണത്.

ആന്ധ്രപ്രദേശ് മുഖ്യമന്ത്രിപദത്തിലിരിക്കേയാണ് വൈ.എസ്. രാജശേഖര റെഡ്ഡി ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ചത്. 2009 സെപ്റ്റംബര്‍ രണ്ടാം തീയതിയായിരുന്നു അപകടം. മോശം കാലാവസ്ഥയെ തുടര്‍ന്ന് നല്ലമല വനത്തിന് സമീപമാണ് അദ്ദേഹത്തിന്റെ ബെല്‍ 430 ഹെലികോപ്ടര്‍ തകര്‍ന്നുവീണത്.

അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രിയായിരിക്കേയാണ് ദോര്‍ജി ഖണ്ഡു, 2011 ഏപ്രില്‍ 30-ന് ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ചത്. ഖണ്ഡുവിനെ കൂടാതെ മറ്റ് നാലുപേര്‍കൂടി ഹെലികോപ്ടറിലുണ്ടായിരുന്നു. തവാങ്ങില്‍നിന്ന് അരുണാചല്‍ തലസ്ഥാനമായ ഇറ്റാനഗറിലേക്ക് പോകവേയാണ് കമേങ് ജില്ലയില്‍വെച്ച് ഖണ്ഡു സഞ്ചരിച്ച ഹെലികോപ്ടര്‍ തകര്‍ന്നുവീണത്.

2025 ജൂണ്‍ 12-ന് ഗുജറാത്തിലെ അഹമ്മദാബാദിലുണ്ടായ എയര്‍ ഇന്ത്യാ വിമാനാപകടത്തിലാണ് ഗുജറാത്ത് മുന്‍മുഖ്യമന്ത്രി വിജയ് രൂപാണി കൊല്ലപ്പെട്ടത്. സര്‍ദാര്‍ വല്ലഭ് ഭായി പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ലണ്ടനിലേക്ക് പറന്നുയര്‍ന്ന വിമാനത്തിലെ 242 യാത്രക്കാരില്‍ ഒരാളായിരുന്നു രൂപാണിയും.

Leave a Reply

Your email address will not be published. Required fields are marked *