അഴിമതിയ്‌ക്കെതിരെ വിസില്‍ മുഴക്കി വിജയ്

തമിഴക വെട്രി കഴകം (ടി വി കെ) ഭാരവാഹി യോഗത്തില്‍ ഡി എം കെ സര്‍ക്കാരിനും എ ഐ എ ഡി എം കെ മുന്നണിക്കെതിരെയും നിലപാട് വ്യക്തമാക്കി വിജയ്.താന്‍ മുന്നണികള്‍ക്കൊപ്പമില്ലെന്നും ജനങ്ങള്‍ക്കൊപ്പമാണെന്നും വിജയ് പ്രഖ്യാപിച്ചു. അഴിമതിക്കെതിരായ പോരാട്ടമാണ് താന്‍ നടത്തുന്നത്. ടി വി കെയുടെ കടന്നുവരവ് തമിഴ്നാട് രാഷ്ട്രീയത്തിലെ സുപ്രധാന ഘട്ടമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു.
തന്നെ ആര്‍ക്കും സമ്മര്‍ദത്തിലാക്കാന്‍ കഴിയില്ലെന്നും, രാഷ്ട്രീയത്തില്‍ വന്നത് ആരുടെയും അടിമയാകാനല്ലെന്നും വിജയ് തുറന്നടിച്ചു. താന്‍ ആരുടെയും അടിമയാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ജനനായകന്‍ വിവാദത്തിലടക്കം ബി ജെ പി, വിജയ്യെ സമ്മര്‍ദത്തിലാക്കുന്നു എന്ന ആക്ഷേപങ്ങള്‍ക്കിടെയായിരുന്നു അദ്ദേഹത്തിന്റെ ഈ പരോക്ഷ മറുപടി. എ ഐ എ ഡി എം കെ നേരിട്ടും ഡി എം കെ രഹസ്യമായും ബി ജെ പിയുടെ അടിമകളായെന്നും എന്നാല്‍ താന്‍ ഒത്തുതീര്‍പ്പുകള്‍ക്ക് തയ്യാറല്ലെന്നും വിജയ് വ്യക്തമാക്കി.
‘ നടക്കപ്പോറത് ഒരു ജനനായക പോര്’ . കഴിഞ്ഞ 30 വര്‍ഷമായി തന്നെ പലരും വിലകുറച്ചു കാണുകയാണെന്ന് വിജയ് പറഞ്ഞു. നിലവിലുള്ള രാഷ്ട്രീയക്കാരെപ്പോലെ അഴിമതി നടത്തി പണം സമ്പാദിക്കാന്‍ തനിക്ക് താല്പര്യമില്ല.തനിക്ക് അത്തരത്തിലൊരു പണത്തിന്റെ ആവശ്യമില്ല. അഴിമതിമുക്ത ഭരണമാണ് തന്റെ പ്രധാന വാഗ്ദാനമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. സഖ്യകക്ഷികള്‍ ഒപ്പമില്ലെന്ന പരിഹാസങ്ങള്‍ക്കും വിജയ് മറുപടി നല്‍കി.തനിച്ച് നിന്നാലും ജയിക്കാന്‍ ശക്തിയുള്ള പടയാണ് ടി വി കെ എന്ന് അദ്ദേഹം അവകാശപ്പെട്ടു. പാര്‍ട്ടി ചിഹ്നമായി ‘വിസില്‍’ അവതരിപ്പിച്ച വിജയ്, ‘കപ്പ് മുഖ്യം ബിഗിലേ’ എന്ന് പറഞ്ഞുകൊണ്ട് വിസിലടിക്കുകയും ചെയ്തു
