റോഡരികിലെ മെറ്റലിൽ കയറി ബൈക്ക് നിയന്ത്രണം വിട്ടു; ലോറിയുടെ പിൻചക്രം കയറി കെഎസ്എഫ്ഇ ഉദ്യോഗസ്ഥയ്ക്ക് ദാരുണാന്ത്യം
ജോലി കഴിഞ്ഞ് ഭർത്താവിനൊപ്പം ബൈക്കിൽ മടങ്ങുകയായിരുന്ന കെഎസ്എഫ്ഇ അസിസ്‌റ്റന്റ് മാനേജർക്ക് വാഹനാപകടത്തിൽ ദാരുണാന്ത്യം. കെഎസ്എഫ്ഇ പാലക്കാട് ടൗൺ ബ്രാഞ്ചിലെ അസി. മാനേജർ കരിങ്കരപ്പുള്ളി കാരക്കാട് ലാൻഡ് ലിങ്ക്‌സ് ഗാർഡർ അഹലം വീട്ടിൽ കെ ഷെഹ്‌ന (37) ആണ് മരിച്ചത്. ബൈക്ക് നിയന്ത്രണംതെറ്റി മറിഞ്ഞ് റോഡിലേക്ക് തെറിച്ചുവീണ ഷെഹ്‌നയുടെ തലയിലൂടെ പിന്നാലെയെത്തിയ ലോറിയുടെ പിൻചക്രം കയറി ഇറങ്ങുകയായിരുന്നു. ഇവർ തൽക്ഷണം മരിച്ചു. റോഡിൽ വീണ് ഭർത്താവിനും പരിക്കേറ്റു. തൊഴിൽ വകുപ്പിലെ ഉദ്യോഗസ്‌ഥൻ അബ്‌ദുൽ ജലീലിനാണ് പരിക്കേറ്റത്. ബുധൻ വൈകിട്ട് 6.10ന് ചന്ദ്രനഗറിലുള്ള ഐടിഐ റസ്‌റ്റ് ഹൗസിന് സമീപത്താണ് അപകടം. കാലിനും കൈയ്‌ക്കും പരിക്കേറ്റ അബ്‌ദുൽ ജലീൽ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ലോറി കോയമ്പത്തൂർ ഭാഗത്തേക്കാണ് പോയിരുന്നത്. റോഡരികിലെ മെറ്റലിലൂടെ കയറിയാണ് ബൈക്ക് നിയന്ത്രണംവിട്ടതെന്ന് ദൃക്-സാക്ഷികൾ പറഞ്ഞു. ഷെഹ്‌ന വലതുവശത്തേക്കും അബ്‌ദുൽ ജലീൽ ഇടതുവശത്തേക്കും തെറിച്ചുവീണു. കസബ പൊലീസും ഹൈവേ പൊലീസും കഞ്ചിക്കോട് അഗ്നിരക്ഷാസേനയും സ്‌ഥലത്തെത്തി. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. പോസ്‌റ്റ്‌മോർട്ടത്തിനുശേഷം വ്യാഴാഴ്ച ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. അൽഹാൻ, അഹിയാൻ എന്നിവരാണ് ഷെഹ്‌നയുടെ മക്കൾ. ബാപ്പ: കരീം. ഉമ്മ: മെഹ്റുബാനു (പാലക്കാട് ട്രാഫിക് പൊലീസിലെ എഎസ്ഐ).
