സൈബര്‍ തട്ടിപ്പുകാര്‍ക്ക് കനത്ത മുന്നറിയിപ്പുമായി യു എ ഇ സര്‍ക്കാര്‍, കടുത്ത ശിക്ഷ ഉറപ്പ്

ഓണ്‍ലൈന്‍ ഇടപാടുകളില്‍ സ്വീകരിക്കെണ്ട മുന്നറിയിപ്പുകളുമായി യു എ ഇ. പൊതുജനങ്ങള്‍ക്ക് ശക്തമായ മുന്നറിയിപ്പുമായി ആണ് യുഎഇ സ്റ്റേറ്റ് സെക്യൂരിറ്റി ഡിപാര്‍ട്ട്മെന്റ് (എസ്എസ്ഡി) ഇറങ്ങി തിരിച്ചിരിക്കുന്നത്. അപരിചിതമായ സന്ദേശങ്ങളിലും ലിങ്കുകളിലും വീഴരുതെന്നും ഇവ ഇരകളെ ചൂഷണം ചെയ്യാനായി ഒരുക്കുന്ന കെണികളാകാമെന്നും അധികൃതര്‍ വ്യക്തമാക്കി.വ്യക്തിഗത സുരക്ഷയ്ക്കും സമൂഹത്തിന്റെ സുസ്ഥിതിക്കും ഡിജിറ്റല്‍ ബോധവല്‍ക്കരണം അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടിയ സുരക്ഷാ വകുപ്പ്, ഓണ്‍ലൈന്‍ ഭീഷണികളെയും ബ്ലാക്ക്മെയിലിങ്ങിനെയും പ്രതിരോധിക്കാന്‍ ‘ഡിജിറ്റല്‍ അവബോധം ഒരു കവചമായി’ ഉപയോഗിക്കണമെന്ന് ഔദ്യോഗിക പ്ലാറ്റ്ഫോമുകളിലൂടെ അറിയിച്ചു.
ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ വഴി ആളുകളെ ഭീഷണിപ്പെടുത്തുന്നവര്‍ക്കും പണം തട്ടാന്‍ ശ്രമിക്കുന്നവര്‍ക്കും കടുത്ത ശിക്ഷയാണ് കാത്തിരിക്കുന്നത്. വിവരസാങ്കേതിക വിദ്യയോ ഇന്റര്‍നെറ്റ് ശൃംഖലയോ ഉപയോഗിച്ച് ഒരാളെ ബ്ലാക്ക്മെയില്‍ ചെയ്യുകയോ അനാവശ്യ കാര്യങ്ങള്‍ക്കായി നിര്‍ബന്ധിക്കുകയോ ചെയ്യുന്നത് തെളിയിക്കപ്പെട്ടാല്‍ രണ്ട് വര്‍ഷം വരെ തടവും 2.5 ലക്ഷം മുതല്‍ 5 ലക്ഷം ദിര്‍ഹം വരെ പിഴയും ലഭിക്കാം.എന്നാല്‍ ഭീഷണി ഒരു കുറ്റകൃത്യം ചെയ്യുന്നതിനോ വ്യക്തിയുടെ അന്തസ്സിനും അഭിമാനത്തിനും ക്ഷതമേല്‍പ്പിക്കുന്ന രീതിയിലോ ആണെങ്കില്‍ ശിക്ഷയുടെ കാഠിന്യം കൂടും. ഇത്തരം സാഹചര്യങ്ങളില്‍ പത്തു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിതെന്ന് ഓര്‍മിപ്പിച്ചു.ഓണ്‍ലൈന്‍ ഇടങ്ങളില്‍ എപ്പോഴും ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ സന്ദേശങ്ങളോട് പ്രതികരിക്കരുതെന്നും നിര്‍ദ്ദേശിച്ചു.




