പട്ടിത്താനം – മണർകാട് ബൈപാസിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു
ഏറ്റുമാനൂർ: പട്ടിത്താനം – മണർകാട് ബൈപാസിൽ പേരൂർ വെച്ചൂർ കവലയിൽ നിയന്ത്രണം വിട്ട കാർ മറിഞ്ഞു. ഇന്ന് വൈകുന്നേരമായിരുന്നു അപകടം. അപകടത്തിൽ വാഹനത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചെങ്കിലും കാറിലുണ്ടായിരുന്ന യാത്രക്കാർ പരിക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.പേരൂരിനെയും പട്ടിത്താനത്തെയും ബന്ധിപ്പിക്കുന്ന ഈ പാത നിലവിൽ അതീവ തിരക്കേറിയ ഒന്നാണ്. എം.സി റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കി കോട്ടയം നഗരത്തിൽ പ്രവേശിക്കാതെ തന്നെ തെക്കൻ കേരളത്തിലേക്കും മറ്റും യാത്ര ചെയ്യാൻ സാധിക്കും എന്നത് കൊണ്ട് ഒട്ടുമിക്ക വാഹനങ്ങളും ഇപ്പോൾ ഈ ബൈപാസിനെയാണ് ആശ്രയിക്കുന്നത്. എന്നാൽ വാഹനത്തിരക്ക് വർദ്ധിച്ചതിനൊപ്പം അമിതവേഗതയും ഡ്രൈവർമാരുടെ ശ്രദ്ധയില്ലായ്മയുമാണ് പലപ്പോഴും അപകടങ്ങൾ വരുത്തുന്നത്. അശ്രദ്ധമായി പായുന്ന വാഹനങ്ങൾ കാൽനടയാത്രക്കാർക്കും വലിയ സുരക്ഷാഭീഷണിയാണ് ഉയർത്തുന്നത്.അപകടങ്ങൾ പതിവാകുന്ന സാഹചര്യത്തിൽ, ഈ പാതയിൽ ഉടനീളം സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കേണ്ടത് അനിവാര്യമാണ്. കൃത്യമായ വേഗനിയന്ത്രണ സംവിധാനങ്ങളും നിരീക്ഷണവും ഏർപ്പെടുത്തുന്നതിലൂടെ മാത്രമേ ഇത്തരം അപകടങ്ങൾക്കും തുടർന്നുണ്ടാകാൻ സാധ്യതയുള്ള വലിയ ദുരന്തങ്ങൾക്കും ശാശ്വതമായ പരിഹാരം കാണാൻ സാധിക്കൂ. അപകടങ്ങൾ ഒഴിവാക്കാൻ അധികൃതരുടെ ഭാഗത്തുനിന്നും അടിയന്തരമായ ഇടപെടലുകൾ ഉണ്ടാകണമെന്ന ആവശ്യം ഉയരുന്നുണ്ട്.




