പെണ്‍കുട്ടിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത ബന്ധുവിന് വെട്ടേറ്റു
പെണ്‍കുട്ടിയെ നിരന്തരം ശല്യം ചെയ്യുന്നത് ചോദ്യം ചെയ്തതിന് വീട് കയറി അക്രമം. ചൂണ്ടല്‍ പെലക്കാട്ട് പയ്യൂരിലെ പ്രകാശനും കുടുംബത്തെയുമാണ് ആക്രമിച്ചത്. 65കാരനായ പ്രകാശന് വെട്ടേറ്റു. ചൂണ്ടല്‍ പെലക്കാട്ട് പയ്യൂര്‍ സ്വദേശി പ്രകാശനാണ് (65) വെട്ടേറ്റത്. പ്രകാശന്റെ മകന്‍, ഇവരുടെ ബന്ധുവായ പെണ്‍കുട്ടിയെ അക്രമികളിലൊരാള്‍ പിന്തുടര്‍ന്ന് ശല്യം ചെയ്യുന്നത് ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണം.നാല് പേരാണ് അക്രമി സംഘത്തിലുണ്ടായിരുന്നത്. വാളും മാരകായുധങ്ങളുമായി എത്തിയ സംഘം പ്രകാശന്റെ തലയ്ക്കാണ് വെട്ടാന്‍ ശ്രമിച്ചത്. ഇദ്ദേഹം കൈ കൊണ്ട് തടുത്തതിനാല്‍ കൈയ്യിലാണ് വെട്ടേറ്റത്. വീടിന്റെ ജനല്‍ചില്ലും, കട്ടിലും ,സോഫാസെറ്റും, ദിവാന്‍ കോട്ടും തകര്‍ത്ത അക്രമി സംഘം വീടിന്റെ മുന്‍പില്‍ പാര്‍ക്ക് ചെയ്തിരുന്ന പെട്ടി ഓട്ടോയും, രണ്ടു ബൈക്കുകളും അടിച്ചുതകര്‍ത്തു. പ്രകാശന്റെ ഭാര്യക്കും മര്‍ദനമേറ്റതായി പരാതിയുണ്ട്. ഇരുവരും കുന്നംകുളം താലൂക്ക് ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. സംഭവത്തില്‍ കുന്നംകുളം പോലീസ് കേസെടുത്തിട്ടുണ്ട്.

