പുന്നപ്ര അപ്പച്ചൻ മലയാള സിനിമയിലെ അഭിനയ സാമ്രാട്ട്
ആലപ്പുഴ:കലയുടെ കേദാരഭൂമിയായ ആലപ്പുഴയിൽ പുന്നപ്രയിലെ അർശർക്കടവിൽ കുടുംബത്തിൽ ജനിച്ച ജെ . അൽഫോൻസ് എന്ന പുന്നപ്ര അപ്പച്ചൻ 1969 ഉദയാ സ്റ്റുഡിയോ നിർമ്മിച്ച ഒതേനൻ്റെ മകൻ എന്ന ചിത്രത്തിൽ സത്യൻ മണവാളൻ ജോസഫ് എന്നിവരോടൊപ്പം ഒരു ചെറിയ വേഷത്തിൽ അഭിനയിച്ചു കൊണ്ടായിരുന്നു തന്റെ ചലച്ചിത്ര ജീവിതത്തിന് തുടക്കമിട്ടത്. തുടർന്ന് ഉദയ സ്റ്റുഡിയോ നിർമ്മിച്ച ധാരാളം സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. അനുഭവങ്ങൾ പാളിച്ചകൾ, അനന്തരം, നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, പഞ്ചവൻകാട്, ശക്തി, സഞ്ചാരി, കോളിളക്കം, ചെറിയാൻ്റെ ക്രൂരകൃത്യങ്ങൾ, ഉണരൂ, ഓപ്പോൾ, ആറ്റിനക്കരെ, പിൻഗാമി, ചന്ദാമാമ, , ആട്ടക്കലാശം, കക്ക, സംഘം, ആറ്റിനക്കരെ, ഞാൻ ഗന്ധർവ്വൻ, വിയറ്റ്നാം കോളനി, ദി കിംഗ്, കുട്ടനാടൻ മാർപ്പാപ്പ, തുടങ്ങി അനേകം സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ അഭിനയിച്ചു. റിലീസ് ചെയ്യാനിരിക്കുന്ന ഒറ്റക്കൊമ്പൻ എന്ന സിനിമയാണ് അദ്ദേഹം ഒടുവിൽ അഭിനയിച്ച ചിത്രം. 1971 ൽ ചേർത്തല കളവംകോടത്ത് അനുഭവങ്ങൾ പാളിച്ചകൾ എന്ന സിനിമയുടെ ചിത്രീകരണ സമയത്ത് ലൊക്കേഷനിൽ സത്യനോടും ബഹദൂറിനുമൊപ്പം നിന്നിരുന്ന പുന്നപ്ര അപ്പച്ചനെ കണ്ട് ഷൂട്ടിംഗ് കാണാൻ വന്ന നടൻ മമ്മൂട്ടി തനിക്ക് “പുന്നപ്ര അപ്പച്ചനെ പോലെയാകാൻ കഴിഞ്ഞിരുന്നെങ്കിൽ” എന്നു മോഹിച്ചിട്ടുള്ളതായി പിൽക്കാലത്ത് തന്റെ ആത്മകഥാപുസ്തകത്തിൽ മമ്മൂട്ടി എഴുതിയിട്ടുണ്ട്. നടൻ പ്രേംനസീറിന്റെ രാഷ്ട്രീയ പ്രവേശന കാലത്ത് അദ്ദേഹം ആലപ്പുഴയിലെത്തിയപ്പോൾ പ്രേംനസീറിന്റെ പര്യടനപരിപാടികൾ ഏകോപിപ്പിച്ചത് പുന്നപ്ര അപ്പച്ചനായിരുന്നു.ജോൺ എബ്രഹാം, അടൂർ ഗോപാലകൃഷ്ണൻ, പി.പത്മരാജൻ, എം.കൃഷ്ണൻ നായർ, പി.എൻ. മേനോൻ, കെ.എസ്.സേതുമാധവൻ, ശശികുമാർ, എ.ബി.രാജ്, പി.എൻ.സുന്ദരം സത്യൻ അന്തിക്കാട്, ഫാസിൽ ജോഷി, സിദ്ധിഖ് ലാൽ, ഷാജി കൈലാസ് എന്നിവരുൾപ്പടെ നിരവധി സംവിധായകരുടെ സിനിമകളിൽ അഭിനയിച്ചു. ദുനിയാ എന്ന ഹിന്ദി സിനിമയിലും അഭിനയിച്ചു. സത്യൻ, പ്രേംനസീർ, ജയൻ, സുകുമാരൻ, സോമൻ, രതീഷ്, മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം, കുഞ്ചാക്കോ ബോബൻ, പൃഥ്വിരാജ് എന്നിവരോടൊപ്പം അഭിനയിച്ചിട്ടുള്ള അപ്പച്ചൻ ആയിരത്തിൽ പരം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അടൂർ ഗോപാലകൃഷ്ണന്റെ പുതിയ സിനിമയിൽ അഭിനയിക്കാനിരിക്കവേ ഒരു മാസം മുമ്പ് കുളിമുറിയിൽ വീണ് തലയ്ക്കു പരിക്കുകൾ പറ്റി വിശ്രമിക്കവേയായിരുന്നു അന്ത്യം. സിനിമാഭിനയത്തിനിടയിൽ ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷനിൽ ഏജന്റായി പ്രവർത്തിച്ച് സെഞ്ചൂറിശനും കോടിപതിയും ആകുകയും ചെയ്തു. പുന്നപ്രയിൽ ദീർഘകാലം റേഷൻ കടയും നടത്തിയിരുന്നുആലപ്പുഴയിലെ കലാ സാംസ്കാരിക സാഹിത്യ രംഗത്തെ നിറസാന്നിധ്യമായിരുന്നു അപ്പച്ചൻ.തന്റെ ചലച്ചിത്രാനുഭവങ്ങൾ വിശദീകരിക്കുന്ന ആരോടും *പരിഭവമില്ലാതെ* എന്ന പുസ്തകം പ്രസിദ്ധീകരിക്കാനൊരുങ്ങവേയാണ് അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്. ആലപ്പുഴ ജില്ല മണ്ണഞ്ചേരി പഞ്ചായത്ത് തമ്പകച്ചുവട് ജംഗ്ഷന് കിഴക്ക് അരശർക്കടവ് വീട്ടിലായിരുന്നു താമസം.മേരിക്കുട്ടിയാണ് ഭാര്യ ആന്റണി, ആലീസ് എന്നിവർ മക്കളാണ്.മലയാളസിനിമയിൽ 5 തലമുറയിലെ പ്രമുഖ നടീനടന്മാരോടൊപ്പം ഇതിഹാസ തുല്യമായ അഭിനയപ്രതിഭ ഒരു ശുക്ര നക്ഷത്രമായി എന്നും ജ്വലിച്ചു നിൽക്കുമെന്ന കാര്യത്തിൽ സംശയമില്ല.
