കാസർഗോഡ് ഷോര്‍ട്ട് സര്‍ക്യൂട്ട് : മുറിക്ക് തീപിടിച്ച് അപകടം
കാസർഗോഡ്: ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം മുറിക്ക് തീപിടിച്ച് അപകടം. കാസര്‍കോട് ഭഗവതീ നഗറിലെ ചിത്ര കുമാരിയുടെ വീട്ടിലെ മുറിയാണ് കത്തിനശിച്ചത്. മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെയുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം ആണ് മുറിക്ക് തീപിടിച്ചത്. ഓടിട്ട വീട്ടിലെ കിടപ്പുമുറിയിലാണ് തീ പിടിച്ചത്. തീ പടരുന്നതായി വീട്ടുകാര്‍ കാണുകയും ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സില്‍ വിവരം അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫിസര്‍ വി.എന്‍ വേണുഗോപാലിന്റെറെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തുകയും തീ നിയന്ത്രണ വിധേയമാക്കുകയും ചെയ്തു.തീപിടിത്തത്തില്‍ കിടപ്പുമുറിയിലുണ്ടായിരുന്ന അലമാര, മേശ, കട്ടില്‍ കിടക്ക, മറ്റ് സാധന സാമഗ്രികള്‍, റൂമിന്റെ സീലിംഗ്, തുടങ്ങിയ സാധനങ്ങളെല്ലാം പൂര്‍ണമായും കത്തിനശിച്ചിട്ടുണ്ട്. തീ മറ്റ് മുറികളിലേക്ക് പടരാതിരുന്നതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. അപകടം നടന്ന വീട്ടില്‍ ചിത്രകുമാരിയും കൊച്ചുമകനും മാത്രമാണ് താമസിക്കുന്നത്. അപകടത്തില്‍ അരലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി വീട്ടുകാര്‍ പറഞ്ഞു. ഇ പ്രസീദ്, ജെ.എ. അഭയ് സെന്‍, ജെ. ബി. ജിജോ, ഏ രാജേന്ദ്രന്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട ഫയര്‍ഫോഴ്സ് സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
