30 അല്ലേങ്കില്‍ 60:അളവ് കുറഞ്ഞാല്‍ പിഴ ഉറപ്പ്
കണ്ണൂരില്‍ ബാറില്‍ മദ്യത്തിന്റെ അളവ് കുറച്ച് തട്ടിപ്പ്. ഉപയോഗിക്കുന്നത് 60 മില്ലിക്ക് പകരം 48 മില്ലിയുടെ അളവ് പാത്രം. കണ്ണൂര്‍ പഴയങ്ങാടിയിലെ പ്രതീക്ഷ ബാറിന് 25000 രൂപ പിഴയിട്ടു.ഫിറ്റായിക്കഴിഞ്ഞാല്‍ പിന്നീട് നല്‍കുന്ന പെഗ്ഗുകളിലാണ് വ്യത്യാസം കണ്ടെത്തിയി രിക്കുന്നത്. പഴയങ്ങാടി, ഇരിട്ടി, തളിപ്പറമ്പ്, പയ്യന്നൂര്‍ ഭാഗങ്ങളിലുള്ള ബാറുകളിലാണ് വിജിലന്‍സ് പരിശോധന നടത്തിയത്. ബാറിലെത്തി മദ്യപിക്കുന്നവര്‍ക്ക് ആദ്യത്തെ രണ്ട് പെഗ്ഗ് നല്‍കുന്നത് അളവ് കൃത്യമായിട്ടാണ്. അതിന് ശേഷം ഉപഭോക്താവ് അല്‍പം ഫിറ്റായി എന്ന് തോന്നിയാല്‍ 60 മില്ലിയുടെ പാത്രം മാറ്റിയിട്ട്, 48 മില്ലിയുടെ ഇവര്‍ തന്നെ തയ്യാറാക്കിയ മറ്റൊരു അളവ് പാത്രത്തിലാണ് മദ്യം അളന്നു കൊടുക്കുന്നത്.30 മില്ലിക്ക് പകരം 24 മില്ലിയേ പിന്നീട് ലഭിക്കൂ. ഫിറ്റായി നില്‍ക്കുന്ന ആളെ സംബന്ധിച്ചിടത്തോളം അളവ് കൃത്യമായി മനസിലാക്കണമെന്നില്ല. ഇങ്ങനെ ഉപയോഗിക്കുന്ന പാത്രം ഉള്‍പ്പെടെയാണ് വിജിലന്‍സ് വിഭാഗം കണ്ടെത്തി ലീഗല്‍ മെട്രോളജിയെ വിവരമറിയിച്ചു. പഴയങ്ങാടിയിലെ പ്രതീക്ഷ ബാറിന് 25000 രൂപ പിഴയിടുകയും ചെയ്തു.
