ഗുരുതര ആരോപണങ്ങൾ; ലാലി ജെയിംസ് കോൺഗ്രസിൽ നിന്ന് പുറത്തേക്ക്
തൃശൂർ: മേയർ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തൃശ്ശൂർ ഡിസിസി നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച കോർപറേഷൻ കൗൺസിലർ ലാലി ജെയിംസിനെ കോൺഗ്രസിൽ നിന്നും സസ്പെൻഡ് ചെയ്തു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫാണ് നടപടി സ്വീകരിച്ചത്. തൃശൂർ ഡിസിസിയുടെ റിപ്പോർട്ടിനെ തുടർന്നാണ് കെപിസിസി പ്രസിഡന്റിന്റെ നടപടി. മേയർ പദവി പണം വാങ്ങിയാണ് ഡോ. നിജി ജസ്റ്റിന് നൽകിയതെന്ന ഗുരുതര ആരോപണമാണ് ലാലി ജെയിംസ് ഉയർത്തിയത്. വെള്ളിയാഴ്ച രാവിലെ ലാലി ജെയിംസ് പരസ്യമായി ഇക്കാര്യം ഉന്നയിച്ചതോടെ കോൺഗ്രസ് നേതൃത്വവും പ്രതിസന്ധിയിലായിരുന്നു. ജില്ലയിലെ കോൺഗ്രസ് നേതൃത്വത്തെയും യുഡിഎഫ് മേയർ സ്ഥാനാർഥി ഡോ. നിജി ജസ്റ്റിനെയും ലക്ഷ്യമിട്ടായിരുന്നു അവരുടെ ആരോപണങ്ങൾ.പണപ്പെട്ടിയുമായി നേതാക്കളെ നേരിട്ട് സമീപിച്ചുവെന്നും, ആവശ്യപ്പെട്ട തുക നൽകാൻ കഴിയാത്തതിനാലാണ് തന്നെ മേയർ സ്ഥാനത്തിനുള്ള പരിഗണനയിൽ നിന്ന് മാറ്റിനിർത്തിയതെന്നുമാണ് ലാലിയുടെ ആരോപണം. രണ്ട് ദിവസം മുൻപാണ് ഇത്തരം ഇടപാടുകൾ നടന്നതെന്നും അവർ മാധ്യമങ്ങളോട് വ്യക്തമാക്കി.കോൺഗ്രസ് വിജയിച്ച കൗൺസിലർമാരിൽ ഭൂരിഭാഗവും മേയർ സ്ഥാനത്തേക്ക് തന്റെ പേരാണ് നിർദേശിച്ചതെന്ന് ലാലി അവകാശപ്പെട്ടു. മേയർ പദവി ലഭിക്കില്ലെന്ന് ഉറപ്പായതോടെ ജില്ലയിലെ മുതിർന്ന നേതാവിനെ സമീപിച്ചപ്പോഴാണ് ഇടപാടുകളെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചതെന്നും അവർ പറഞ്ഞു. ആദ്യ ഒരു വർഷത്തേക്കെങ്കിലും മേയർ പദവി നൽകണമെന്ന നിർദേശവും പാർട്ടി നേതൃത്വം അംഗീകരിച്ചില്ലെന്നും ലാലി ആരോപിച്ചിരുന്നു.
