March 23, 2026

സംസ്ഥാനത്താകെ ബിജെപിയുടെ വോട്ട് ശതമാനത്തില്‍ കുറവെന്ന് വിലയിരുത്തല്‍. പന്തളം ,പാലക്കാട്, കൈയ്യിലുരുന്ന 600 വാര്‍ഡുകളും നഷ്ടപ്പെട്ടു

  • December 16, 2025
  • 0 min read
സംസ്ഥാനത്താകെ ബിജെപിയുടെ വോട്ട് ശതമാനത്തില്‍ കുറവെന്ന് വിലയിരുത്തല്‍.  പന്തളം ,പാലക്കാട്, കൈയ്യിലുരുന്ന 600 വാര്‍ഡുകളും നഷ്ടപ്പെട്ടു

ലോക്‌സഭാ തിരഞ്ഞടുപ്പിലെ അപേക്ഷിച്ച് തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് ശതമാനം കുറഞ്ഞതായാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വോട്ട് ശതമാനം 20 ആയിരുന്നെങ്കില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ അത് രണ്ട് ശതമാനം കുറഞ്ഞ് പതിനെട്ടായി. ഇതിന് പുറമേ കയ്യിലുണ്ടായിരുന്ന അറുന്നൂറ് വാര്‍ഡുകള്‍ ബിജെപിക്ക് നഷ്ടമായിട്ടുണ്ട്. സുരേഷ് ഗോപിയുടെ പ്രഭാവം കൊണ്ട് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തുറുപ്പ് ചീട്ടായി മാറിയ തൃശൂരില്‍ അടിപതറിയതും വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്. പാര്‍ട്ടിക്കൊപ്പം നിന്നിരുന്ന പന്തളം നഗരസഭയിലും യു.ഡി.എഫും എല്‍.ഡി.എഫും മേല്‍ക്കൈ നേടുകയും ചെയ്തിട്ടുണ്ട്. വോട്ട് ശതമാനം കുറഞ്ഞതിലും കയ്യിലുണ്ടായിരുന്ന വാര്‍ഡുകള്‍ നഷ്ടപ്പെട്ടതിലും അടക്കം ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ കടുത്ത അതൃപ്തിയിലാണെന്നാണ് പുറത്തുവരുന്ന വിവരം.തിരുവനന്തപുരത്തിന് പുറമേ കോഴിക്കോട്, കൊല്ലം കോര്‍പ്പറേഷനുകളിലും ബിജെപിക്ക് മുന്നേറ്റം നടത്താന്‍ സാധിച്ചു. പലയിടങ്ങളിലും ബിജെപിക്ക് വോട്ട് ശതമാനം കൂടി. എന്നാല്‍ തൃശൂര്‍ അടക്കമുള്ള സ്ഥലങ്ങളില്‍ മുന്നേറാനാകാത്തത് തിരിച്ചടിയായാണ് പാര്‍ട്ടിയും അധ്യക്ഷനും വലിയിരുത്തപ്പെടുന്നത്. തൃശൂരില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ച ക്രൈസ്തവ വോട്ടുകള്‍ ഇപ്പോള്‍ ലഭിച്ചില്ലെന്നും വിലയിരുത്തപ്പെടുന്നു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ഇക്കാര്യം വിശദമായി പരിശോധിക്കുമെന്ന് രാജീവ് ചന്ദ്രശേഖര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. തൃശൂരിലെ തിരിച്ചടി പാര്‍ട്ടി വിശദമായി പരിശോധിക്കുന്നതായാണ് സൂചന.പുതിയ വാര്‍ഡുകള്‍ നേടാനുള്ള നെട്ടോട്ടത്തിനിടെ കയ്യിലുണ്ടായിരുന്നത് പോകാതിരിക്കാനുള്ള ഇടപെടലുകള്‍ നടന്നിട്ടില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. 2000ത്തോളം വാര്‍ഡുകളില്‍ ജയിച്ചപ്പോഴും 1500ലേറെ സീറ്റുകള്‍ ചെറിയ വോട്ടിന് നഷ്ടമായി. ഇതെല്ലാം കൂടി 4000 സീറ്റുകള്‍ ലഭിക്കേണ്ടതായിരുന്നു എന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. ശബരിമല സ്വര്‍ണപ്പാളി വിഷയം വലിയ വലിയ ചര്‍ച്ചയായെങ്കിലും അത് ബിജെപിക്ക് അനുകൂലമാക്കാന്‍ കഴിഞ്ഞില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ശബരിമല സ്ഥിതി ചെയ്യുന്ന പെരുനാട് ഗ്രാമപഞ്ചായത്തില്‍ എല്‍ഡിഎഫ് ഭരണത്തുടര്‍ച്ച നേടുകയും ചെയ്തു.ബിജെപിയുടെ രണ്ട് സിറ്റിംഗ് സീറ്റുകള്‍ പിടിച്ചെടുത്തതിന് പുറമേ ശബരിമല വാര്‍ഡിലും എല്‍ഡിഎഫാണ് ജയിച്ചത്. ഭരണത്തിലിരുന്ന പന്തളം നഗരസഭയിലും ബിജെപി കനത്ത തിരിച്ചടിയാണ് നേരിട്ടത്. ഇത്തവണ ബിജെപിക്ക് ഭരണം നഷ്ടമായി. എല്‍ഡിഎഫ് 14 സീറ്റുകള്‍ നേടി ഭരണം പിടിച്ചപ്പോള്‍ യുഡിഎഫ് പതിനൊന്ന് സീറ്റുകളാണ് നേടിയത്. കഴിഞ്ഞ തവണ പതിനെട്ട് സീറ്റുകളില്‍ ജയിച്ച ബിജെപി ഇത്തവണ ഒന്‍പത് സീറ്റുകളില്‍ ഒതുങ്ങുന്ന കാഴ്ചയാണ് കണ്ടത്. പാലക്കാട് നഗരസഭയില്‍ ഇത്തവണ ഹാട്രിക് വിജയം ലക്ഷ്യംവെച്ച ബിജെപിക്ക് ചെറുതായൊന്ന് അടിപതറിയിരുന്നു. വിജയിച്ചെങ്കിലും ഇത്തവണ കേവലഭൂരിപക്ഷം നേടാന്‍ ബിജെപിക്ക് സാധിച്ചിരുന്നില്ല.

റിപ്പോർട്ട്‌ മധു

Leave a Reply

Your email address will not be published. Required fields are marked *