രാജ്യാന്തര ചലച്ചിത്ര മേള : സൂപ്പര്‍ഹിറ്റായി ‘സിനിമാ സവാരി’
പ്രധാന വേദികളിലേക്ക് സൗജന്യ യാത്രസംസ്ഥാന തൊഴില്‍ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ ടാക്‌സി സംവിധാനമായ കേരള സവാരി ഒരുക്കുന്ന ‘സിനിമാസവാരി ‘ തിരുവനന്തപുരത്ത് നടക്കുന്ന രാജ്യാന്തര ചലച്ചിത്ര മേളയിലെത്തുന്നവര്‍ക്ക് വലിയ അനുഗ്രഹമായി. മേളയുടെ ഔദ്യോഗിക മൊബിലിറ്റി പാര്‍ട്ണര്‍ കൂടിയായ കേരള സവാരി ചലച്ചിത്രാസ്വാദകര്‍ക്ക് സുരക്ഷിതവും സുതാര്യവുമായ യാത്രാ സൗകര്യമാണ് ‘സിനിമാ സവാരി’ യിലൂടെ ഒരുക്കിയിരിക്കുന്നത്. നഗരത്തില്‍ ചലച്ചിത്ര പ്രദര്‍ശനം നടക്കുന്ന എല്ലാ പ്രധാന തിയറ്ററുകളിലേക്കും കേരള സവാരിയുടെ സേവനം ലഭിക്കുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. മേളയുടെ പ്രധാന വേദികളായ ടഗോര്‍ തിയറ്റര്‍, നിശാഗന്ധി , കൈരളി – ശ്രീ തുടങ്ങിയവയെ ബന്ധിപ്പിച്ചു കൊണ്ട് ചലച്ചിത്ര പ്രേമികള്‍ക്കായി സൗജന്യ യാത്രയും കേരള സവാരി ഒരുക്കിയിട്ടുണ്ടന്നത് ശ്രദ്ധേയമാണ്. കൂടാതെ സര്‍ക്കാര്‍ നിശ്ചയിച്ച നിരക്ക് മാത്രമാണ് പദ്ധതിയിന്‍ കീഴിലുള്ള ടാക്‌സി – ഓട്ടോ സേവനങ്ങള്‍ ഈടാക്കുന്നത് എന്നത് ഈ സേവനത്തിന്റെ സുതാര്യത വര്‍ധിപ്പിക്കുന്നു. ഓരോ പ്രദര്‍ശന ശാലകളുടേയും മുന്നിലായി പിക്കപ്പ് – ഡ്രോപ് പോയിന്റുകള്‍ നിശ്ചയിച്ച് ഓണ്‍ ഗ്രൗണ്ട് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിയറ്ററുകളുടെ പ്രവേശനമേഖലകളില്‍ സ്ഥാപിച്ചിട്ടുള്ള കേരള സവാരിയുടെ ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ആപ് ഇന്‍സ്റ്റാള്‍ ചെയ്താല്‍ ഉടന്‍ തന്നെ ഓട്ടോ – ടാക്‌സി ബുക്ക് ചെയ്ത് യാത്ര ചെയ്യാം. സംസ്ഥാന സര്‍ക്കാര്‍ നേതൃത്വം നല്‍കുന്ന ഡിജിറ്റല്‍ മൊബിലിറ്റി പ്ലാറ്റ് ഫോമായ കേരള സവാരി മേളയില്‍ എത്തുന്ന സിനിമാപ്രേമികള്‍ ഇതിനോടകം ആവേശത്തോടെ സ്വീകരിച്ചു കഴിഞ്ഞതായി സംഘാടകര്‍ പറഞ്ഞു.പബ്ലിക് റിലേഷന്‍സ് ഓഫിസര്‍, ലേബര്‍ കമ്മിഷണറേറ്റ്, തിരുവനന്തപുരം.
റിപ്പോർട്ട് മധു



