രാജേഷ് മാധവന്റെ ‘പെണ്ണും പൊറാട്ടും’ ഹിറ്റായി
നടന്‍ രാജേഷ് മാധവന്‍ ആദ്യമായി സംവിധാനം ചെയ്ത ‘പെണ്ണും പൊറാട്ടും’ എന്ന ചിത്രത്തിന്റെ കേരളാ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലെ ആദ്യ പ്രദര്‍ശനം ഡിസംബര്‍ 14 ന് തിരുവനന്തപുരം കൃപ തിയറ്ററില്‍ ഉച്ചക്ക് 2.30 ന് നടന്നു. മലയാളം സിനിമ ടുഡേ എന്ന വിഭാഗത്തില്‍ ആണ് ചിത്രം ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിക്കുന്നത്. ആദ്യ പ്രദര്‍ശനത്തില്‍ തന്നെ ഗംഭീര പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത് വമ്പന്‍ ജനാവലിയാണ് ചിത്രം കാണാന്‍ കൃപ തീയേറ്ററില്‍ എത്തിച്ചേര്‍ന്നത്. തിരക്ക് മൂലം ഒട്ടേറെ പ്രേക്ഷകര്‍ക്ക് ആദ്യ പ്രദര്‍ശനത്തിന് സീറ്റ് ലഭിച്ചില്ല എന്നതും ചിത്രത്തിന് ലഭിച്ച സ്വീകരണത്തിന് തെളിവായി. 3 തവണയാണ് ചിത്രം ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിക്കുക . തിരുവനന്തപുരം ന്യൂ തീയേറ്ററില്‍ സ്‌ക്രീന്‍ 1 ല്‍ ഡിസംബര്‍ 16, ചൊവ്വ രാവിലെ 9.15 നും, ശ്രീ തീയേറ്ററില്‍ ഡിസംബര്‍ 17, ബുധനാഴ്ച വൈകുന്നേരം 6.15 നും ആണ് ചിത്രത്തിന്റെ അടുത്ത പ്രദര്‍ശനങ്ങള്‍.വലിയ പ്രശംസയാണ് പ്രേക്ഷകര്‍ ചിത്രത്തിന് നല്‍കുന്നത്. ആദ്യ പ്രദര്‍ശനത്തിന് ശേഷം ചിത്രം നേടുന്ന അഭൂതപൂര്‍വമായ പ്രതികരണം ഇനി വരുന്ന ഷോകള്‍ക്കും ഗംഭീര ജനപിന്തുണ ഉറപ്പാക്കുന്നുണ്ട്. ‘ന്നാ താന്‍ കേസ് കൊട്’, ‘ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍’ തുടങ്ങിയ ഹിറ്റ് സിനിമകള്‍ നിര്‍മ്മിച്ച സന്തോഷ് ടി കുരുവിള, ബിനു ജോര്‍ജ് അലക്‌സാണ്ടര്‍ എന്നിവര്‍ ചേര്‍ന്ന് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. രവിശങ്കറിന്റെ തിരക്കഥയില്‍, രാജേഷ് മാധവന്‍ സംവിധാനം ചെയ്ത ചിത്രം, 2026 ജനുവരിയില്‍ തീയേറ്ററുകളിലെത്തും.ഗോവയില്‍ നടന്ന ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ആയിരുന്നു കഴിഞ്ഞ മാസം ഈ ചിത്രത്തിന്റെ പ്രീമിയര്‍ അരങ്ങേറിയത്. ഗോവയില്‍ വലിയ പ്രേക്ഷക പിന്തുണയോടെ ആണ് ചിത്രത്തിന്റെ പ്രീമിയര്‍ നടന്നത്. വലിയ പ്രശംസയാണ് അവിടെ ചിത്രം സ്വന്തമാക്കിയത്. ഗാല പ്രീമിയര്‍ വിഭാഗത്തില്‍, ഒട്ടേറെ മികച്ച അന്തര്‍ദേശീയ, രാജ്യാന്തര ചലച്ചിത്രങ്ങള്‍ക്കൊപ്പം ഈ വിഭാഗത്തില്‍ ഈ വര്‍ഷം പ്രദര്‍ശിപ്പിച്ച ഒരേയൊരു മലയാള സിനിമയാണ് പെണ്ണും പൊറാട്ടും.
റിപ്പോർട്ട് മധു



