ലേകസിനിമയ്ക്ക് കടന്നു വരാന്‍ വാതായനം തുറന്നിട്ട് കേരള സിനിമ മാര്‍ക്കറ്റ്
കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയോടനുബന്ധിച്ച് സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ (KSFDC) സംഘടിപ്പിക്കുന്ന മൂന്നാമത് കേരള ഫിലിം മാര്‍ക്കറ്റിന് തുടക്കമായി. ഡിസംബര്‍ 14 മുതല്‍ 16 വരെ തിരുവനന്തപുരം സൗത്ത് പാര്‍ക്ക് ഹോട്ടലിലാണ് ഫിലിം മാര്‍ക്കറ്റ് വേദി ഒരുക്കിയിരിക്കുന്നത്.സാംസ്‌കാരിക വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. രാജന്‍ ഖൊബ്രഗഡെ ഫിലിം മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഡോ. രാജന്‍ ഖൊബ്രഗഡെയും ക്യൂറേറ്റര്‍ ലീന ഖൊബ്രഗഡെയും ചേര്‍ന്ന് ഭദ്രദീപം തെളിച്ചു.ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സൃഷ്ടാക്കള്‍ ഒത്തുചേരുന്ന കേരള ഫിലിം മാര്‍ക്കറ്റ് സാംസ്‌കാരിക അതിരുകള്‍ മറികടന്ന് സംവാദവും സഹകരണവും വളര്‍ത്തുന്ന സജീവമായ സര്‍ഗാത്മക വേദിയാണെന്ന് ഡോ. രാജന്‍ ഖോബ്രഗഡേ അഭിപ്രായപ്പെട്ടു. ലീന ഖൊബ്രഗഡെയുടെ നേതൃത്വത്തിലുള്ള ക്യൂറേറ്റേഴ്സ് പിക്ക് വിഭാഗത്തെയും ലൈബ്രറിയെയും അദ്ദേഹം അഭിനന്ദിച്ചു.

പ്രാദേശിക സിനിമയെ ആഗോള വേദിയിലേക്ക് ഉയര്‍ത്തുന്ന ഫിലിം മാര്‍ക്കറ്റ് മലയാള സിനിമക്ക് കൂടുതല്‍ കരുത്ത് പകരും. ലീന ഖോബ്രഗഡേയുടെ പത്ത് സിനിമകള്‍ ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിക്കുന്നത് സന്തോഷകരമാണെന്നും അദ്ദേഹം പറഞ്ഞു കെഎസ്എഫ്ഡിസി ചെയര്‍മാന്‍ കെ. മധു അധ്യക്ഷത വഹിച്ച ചടങ്ങില്‍, സംവിധായകന്‍ ടി.വി. ചന്ദ്രന്‍ മുഖ്യാതിഥിയായി. കെഎസ്എഫ്ഡിസി മാനേജിംഗ് ഡയറക്ടര്‍ പ്രിയദര്‍ശന്‍ പി എസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍പേഴ്‌സണ്‍ കുക്കു പരമേശ്വരന്‍, സെക്രട്ടറി സി അജോയ്, നടന്‍ ഇര്‍ഷാദ്, കെ എസ് എഫ് ഡി സി ബോര്‍ഡ് അംഗം ജീത്തു കൊളയാട് , സാംസ്‌കാരിക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ മധുപാല്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സിനിമാ പ്രവര്‍ത്തകരുടെയും വ്യവസായ പ്രതിനിധികളുടെയും പങ്കാളിത്തത്തോടെ, മലയാള സിനിമയ്ക്കും മറ്റ് പ്രാദേശിക സിനിമകള്‍ക്കും അന്താരാഷ്ട്ര വാണിജ്യ സാധ്യതകള്‍ തുറക്കുകയും ആഗോള സിനിമാ വിപണിയില്‍ കേരളത്തിന്റെ സാന്നിധ്യം ഉറപ്പാക്കുകയുമാണ് കേരള ഫിലിം മാര്‍ക്കറ്റിന്റെ ലക്ഷ്യം.പ്രോജക്ട് മാര്‍ക്കറ്റ്, വീഡിയോ ലൈബ്രറി, ഇന്‍ഡസ്ട്രി വോയിസസ്, പിച്ച്‌ബോക്‌സ് തുടങ്ങിയ വിപുലമായ വിഭാഗങ്ങളാണ് മൂന്നാം പതിപ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.12 പ്രോജക്റ്റുകളും ക്യൂറേറ്റേഴ്സ് പിക്ക് വിഭാഗത്തില്‍ 13 സിനിമകളും ഇതില്‍ ഉള്‍പ്പെടും.
റിപ്പോർട്ട് മധു



