മലപ്പുറത്ത് ബസ് കത്തിയ സംഭവം : ഷോർട്ട് സർക്യൂട്ടാകാമെന്ന് എം വി
മലപ്പുറം :കൊണ്ടോട്ടിയിൽ ഓടിക്കൊണ്ടിരിക്കേ കത്തിനശിച്ച സ്വകാര്യബസ് മോട്ടോർ വാഹനവകുപ്പ് അധികൃതർ വിശദമായി പരിശോധിച്ചു. വൈദ്യുതി ഷോർട്ട്-സർക്യൂട്ട് ആകാം കാരണമെന്നാണ് വിലയിരുത്തൽ. പാലക്കാട്ടുനിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന’ സന’ബസ് ഞായറാഴ്ച രാവിലെ 8.50-ഓടെ വിമാനത്താവള ജങ്ഷന് സമീപം തുറയ്ക്കലിലാണ് കത്തിനശിച്ചത്.ഓടുന്നതിനിടെ എൻജിൻ്റെ കരുത്ത് കുറയുന്നതായി അനുഭവപ്പെട്ടതിനെത്തുടർന്ന് ഡ്രൈവർ ബസ് നിർത്തി പരിശോധിച്ചപ്പോഴാണ് പുക ഉയരുന്നതുകണ്ടത്. ഉടൻ യാത്രക്കാരെ പുറത്തിറക്കി. വൈകാതെ ബസ് കത്തിനശിച്ചു. അഗ്‌നിരക്ഷാസേനയെത്തി തീയണച്ചു. മലപ്പുറം എൻഫോഴ്സസ്മെന്റ് ആർടിഒ യൂസഫ്, എംവിഐ സുരേഷ് ബാബു, കൊണ്ടോട്ടി സബ് ആർടി ഓഫീസിലെ എഎംവിഐ ഡിവിൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.ബസ്സിലെ ഇലക്ട്രിക് വയറുകളടക്കമുള്ള സാമഗ്രികൾ കത്തിനശിച്ചു. എൻജിൻ ഭാഗത്തുനിന്ന് തീപിടിച്ചതുകൊണ്ടാണ് ഷോർട്ട് സർക്യൂട്ടാകാം കാരണമെന്ന നിഗമനത്തിലെത്തിയത്. വിശദമായ റിപ്പോർട്ട് അടുത്തദിവസം കൈമാറുമെന്ന് അധികൃതർ പറഞ്ഞു.നാല്പതിലേറെ യാത്രക്കാർ ബസ്സിലുണ്ടായിരുന്നു. ചൂടേറ്റ് എയർ ഡോറുകൾ പെട്ടെന്ന് തുറക്കാനാവാത്തവിധം അടഞ്ഞിരുന്നു. ജീവനക്കാരും യാത്രക്കാരും ബലംപ്രയോഗിച്ച് വാതിലുകൾ തള്ളിത്തുറക്കുകയായിരുന്നു. മിനിറ്റുകൾക്കകം പൂർണമായും തീ വിഴുങ്ങിയ ബസ് അരമണിക്കൂറിലേറെ ആളിക്കത്തി. മലപ്പുറത്തുനിന്നും മീഞ്ചന്തയിൽനിന്നും ഓരോയൂണിറ്റ് അഗ്നിരക്ഷാസേനയെത്തി അരമണിക്കൂറോളം പരിശ്രമിച്ചാണ് തീയണച്ചത്.വൻ ശബ്ദത്തോടെ ടയറുകൾ പൊട്ടിത്തെറിച്ചത് ആശങ്ക പടർത്തിയിരുന്നു. ഡീസൽ ടാങ്കിലേക്ക് തീ പടരാതിരുന്നതാണ് രക്ഷയായത്. പരിശോധനയിൽ ബസ്സിനുള്ളിൽ ഉപയോഗിക്കാതെകിടന്ന ഫയർ എക്സ്റ്റിങ്ഗഷർ കണ്ടെത്തി. പുകകണ്ട ഉടനെ ഇത് ഉപയോഗിച്ചിരുന്നെങ്കിൽ അപകടം ഒഴിവാക്കാമായിരുന്നു. ഭാരത് ബെൻസിന്റെ ഷാസിയിൽ ആരോ എന്ന കമ്പനിയാണ് ബോഡി നിർമിച്ചത്. 13 മീറ്ററാണ് ബസിൻ്റെ നീളം. 2019 മോഡൽ ബസാണിത്.
