February 5, 2026

ഇന്ത്യ – പാക് സംഘർഷത്തിൽ ഇടപെടില്ല ; സംഘർഷം ‘ഞങ്ങൾക്ക് ബാധകമല്ല’ എന്ന് യുഎസ് വൈസ് പ്രസിഡന്റ്

  • May 9, 2025
  • 1 min read
ഇന്ത്യ – പാക് സംഘർഷത്തിൽ ഇടപെടില്ല ; സംഘർഷം ‘ഞങ്ങൾക്ക് ബാധകമല്ല’ എന്ന് യുഎസ് വൈസ് പ്രസിഡന്റ്




ഇന്ത്യ – പാക് സംഘർഷത്തിൽ ഇടപെടില്ലെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് പറഞ്ഞു. സംഘർഷങ്ങൾ വാഷിംഗ്ടൺ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും എന്നാൽ ഈ സംഘർഷം അമേരിക്കയുടെ പോരാട്ടമല്ലെന്നും പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ പരിഹരിക്കണമെന്ന് നിർദ്ദേശിക്കാൻ മാത്രമേ യുഎസിന് സാധിക്കൂ എന്നും അദ്ദേഹം ഫോക്സ് ന്യൂസിനോട് പറഞ്ഞു. അടിസ്ഥാനപരമായി ഇത് ഞങ്ങളെ ബാധിക്കുന്ന കാര്യമല്ല, മാത്രമല്ല അമേരിക്കയുടെ നിയന്ത്രണപരിധിയിൽ വരുന്ന വിഷയവുമല്ലെന്നും ജെഡി വാൻ‍സ് പറഞ്ഞു.

‘ആയുധങ്ങൾ താഴെ വെയ്ക്കണമെന്ന് ഇന്ത്യയോട് പറയാൻ അമേരിക്കയ്ക്ക് സാധിക്കില്ല. പാക്കിസ്ഥാനോടും. നയതന്ത്ര മാർഗങ്ങളിലൂടെ പ്രശ്നപരിഹാരത്തിനുള്ള സാധ്യത ആലോചിക്കും. ഇപ്പോഴത്തെ പ്രശ്നങ്ങൾ യുദ്ധത്തിലേക്ക് പോകില്ലെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. ഒരു ആണവ സംഘർഷത്തിലേക്ക് നീങ്ങരുതെന്നാണ് ആഗ്രഹിക്കുന്നത്. ഈ ഘട്ടത്തിൽ അത് സംഭവിക്കുമെന്ന് ഞങ്ങൾ കരുതുന്നില്ല’, എന്നും ജെഡി വാൻസ് പറഞ്ഞു..ഇന്ത്യ-പാക് സംഘർഷം അവസാനിപ്പിക്കാൻ തന്നാൽ സാധിക്കുന്നത് ചെയ്യാൻ തയ്യാറാണെന്ന് നേരത്തേ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞിരുന്നു. ‘ പാക്കിസ്ഥാനും ഇന്ത്യയുമായും തനിക്ക് ബന്ധമുണ്ട്. അവർ എത്രയും പെട്ടെന്ന് പ്രശ്നം പരിഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോൾ അവർക്ക് ഈ പ്രശ്നം പരിഹരിക്കാൻ സാധിക്കുമെന്നാണ് ഞാൻ കരുതുന്നത്. അവർ അടിക്ക് തിരിച്ചടി തുടരുകയാണ്. എനിക്ക് എന്തെങ്കിലും സഹായം ചെയ്യാൻ സാധിക്കുമെങ്കിൽ അതിന് ഞാൻ തയ്യാറാണ്’, ട്രംപ് പറഞ്ഞു.

തർക്കം നാണക്കേടാണെന്നും ട്രംപ് പ്രതികരിച്ചു. ‘ ഓവൽ ഓഫീസിലൂടെ നടക്കുന്നതിനിടയിലാണ് ഞങ്ങൾ സംഘർഷത്തെ കുറിച്ച് അറിയുന്നത്. പഴയ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് വിഷയങ്ങൾ ഉണ്ടാകുമെന്ന് ആളുകൾ കണക്ക് കൂട്ടിയിരുന്നു. ഇരുരാജ്യങ്ങൾക്കുമിടയിൽ ഏറെനാളായി പ്രശ്നങ്ങൾ ഉണ്ട്. നൂറ്റാണ്ടുകളാണ് തർക്കമാണ്. എന്തായാലും എത്രയും പെട്ടെന്ന് പ്രശ്നം പരിഹരിക്കപ്പെടട്ടെ’, ട്രംപ് പറഞ്ഞു.

അതേസമയം ഇന്ത്യയ്ക്കുനേരെ തുടർച്ചയായി പ്രകോപനം സൃഷ്ടിച്ച പാക്കിസ്ഥാനു ശക്തമായ തിരിച്ചടി. തലസ്ഥാനമായ ഇസ്ലാമാബാദ്, ലഹോർ, കറാച്ചി, പെഷാവർ, സിയാൽകോട്ട് തുടങ്ങി 12 ഇടങ്ങളിൽ ഇന്ത്യ കനത്ത ആക്രമണം തുടരുകയാണ്. പുലർച്ചെ ജമ്മുവിൽ പാക്ക് പ്രകോപനത്തെ തുടർന്ന് തുടർച്ചയായി അപായ സൈറൺ മുഴങ്ങിയതിനു പിന്നാലെ സമ്പൂർണ ബ്ലാക്ഔട്ട് പ്രഖ്യാപിച്ചു. വ്യോമപ്രതിരോധ സംവിധാനങ്ങൾ പ്രവർത്തിപ്പിച്ച ഇന്ത്യ പാക്കിസ്ഥാന്റെ ഡ്രോണുകൾ തകർത്തു.

പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ വസതിയുടെ 20 കിലോമീറ്റർ അകലെ വൻ സ്ഫോടനം നടന്നിരുന്നു. പാക്കിസ്ഥാനിലെ ഉന്നത ഉദ്യോഗസ്ഥർ മറ്റു രാജ്യങ്ങളിലേക്ക് രക്ഷപ്പെടുന്നതായും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതിനിടെ കറാച്ചി തുറമുഖത്ത് ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലായ ഐഎൻഎസ് വിക്രാന്ത് ആക്രമണം നടത്തിയെന്നാണ് സൂചന

Leave a Reply

Your email address will not be published. Required fields are marked *