ഞങ്ങളുടെ ക്ഷമ പരീക്ഷിക്കരുത് ;പ്രത്യാഘാതം വലുതായിരിക്കും ;പാകിസ്താന് മുന്നറിയിപ്പുമായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്
വീണ്ടും പാകിസ്താന് മുന്നറിയിപ്പുമായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ക്ഷമ പരീക്ഷിക്കരുതെന്നാണ് താക്കീത്. ഭീകരക്യാമ്പുകളിലേക്ക് സേന നടത്തിയ ആക്രമണം ഭാവനാതീതമെന്നും രാജ്‌നാഥ്‌സിംഗ് പറഞ്ഞു.ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട പുതിയ നീക്കങ്ങളെ പ്രതിരോധമന്ത്രി പ്രശംസിച്ചു. ഇന്ത്യന്‍ സൈന്യം പാകിസ്താനിലെ ഭീകര കേന്ദ്രങ്ങള്‍ക്കുള്ളിലേക്ക് ആഴത്തില്‍ ആക്രമണം നടത്തിയെന്ന് അദ്ദേഹം പറഞ്ഞു. ഇന്നലെ സായുധ സേന സ്വീകരിച്ച നടപടിയെയും അവര്‍ കാണിച്ച ധൈര്യത്തെയും അദ്ദേഹം അഭിനന്ദിച്ചു. പാകിസ്താനിലെയും പിഒകെയിലെയും ഭീകര ക്യാമ്പുകള്‍ നിര്‍വീര്യമാക്കിയെന്നും ഇത് അഭിമാനകരമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഒന്‍പത് ഭീകര ക്യാമ്പുകള്‍ നശിപ്പിക്കപ്പെട്ടു. നിരവധി ഭീകരര്‍ കൊല്ലപ്പെട്ടു. ഒരു നിരപരാധികളും ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ ക്ഷമ ആരെങ്കിലും മുതലെടുത്താല്‍ ഇന്നലത്തെ പോലെയുള്ള പ്രതികരണം നേരിടാന്‍ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും അദ്ദേഹം പ്രശംസിച്ചു. 2014ല്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പ്രതിരോധ ഉല്‍പ്പാദന മേഖലയില്‍ വലിയ പ്രാധാന്യം നല്‍കിയിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രതിരോധ മേഖലയുടെ ക്വാളിറ്റിക്കും ക്വാണ്ടിറ്റിക്കും അദ്ദേഹം പ്രാധാന്യം നല്‍കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മോദിയുടെ നിര്‍ദേശത്തില്‍ പല വിപ്ലവകരമായ നടപടികളും കൈക്കൊണ്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങള്‍ വിശദീകരിക്കാന്‍ ഇന്ന് 5.30ന് വിദേശകാര്യമന്ത്രാലയം വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്.എല്ലാ തരത്തിലും ഉള്ള തയ്യാറെടുപ്പുകള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം നല്‍കി.വിവിധ മന്ത്രാലയ സെക്രട്ടറിമാരുടെ യോഗത്തില്‍ ആണ് നിര്‍ദേശം.


