വിജ്ഞാന കേരളം സ്ട്രാറ്റജിക് അഡ്വൈസറായി ഡോ. പി സരിനെ നിയമിച്ചു.
കെ-ഡിസ്‌ക്കിന് കീഴിലെ വിജ്ഞാന കേരളം സ്ട്രാറ്റജിക് അഡ്വൈസറായി ഡോ. പി സരിനെ സര്‍ക്കാര്‍ നിയമിച്ചു. കേരളത്തിലെ അഭ്യസ്തവിദ്യരായ തൊഴില്‍ അന്വേഷകര്‍ക്ക് തൊഴില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന കെ-ഡിസ്‌കിന് കീഴിലെ കേരള നോളേജ് ഇക്കണോമി മിഷന്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനകീയമാക്കുന്നതിനുള്ള വിജ്ഞാന കേരളം കര്‍മ്മ പരിപാടിയുടെ ഭാഗമായാണ് പുതിയ നിയമനം.
ഇന്ത്യന്‍ ഓഡിറ്റ് & അക്കൗണ്ട്‌സ് സര്‍വ്വീസില്‍ നിന്നും ഡെപ്യൂട്ടി അക്കൗണ്ടന്റ് ജനറല്‍ ആയി സ്വമേധയാ വിരമിച്ചയാളാണ് ഡോ. പി സരിന്‍. സംസ്ഥാനത്ത് അറിയപ്പെടുന്ന പൊതു പ്രവര്‍ത്തകനും എം ബി ബി എസ് ഡോക്ടറുമായ ഡോ. പി സരിന്‍റെ പ്രവര്‍ത്തന മികവ് കൂടി പരിഗണിച്ചാണ് സര്‍ക്കാര്‍ നിയനം നല്‍കിയത്.തൊഴിലന്വേഷകരെ മൊബിലൈസ് ചെയ്യുന്നതിനും തൊഴിൽമേളകൾ സംഘടിപ്പിക്കുന്നതിനുമൊപ്പം, പുതിയ കാലത്തിന് അനുയോജ്യമായ തൊഴിലുകളിൽ ഏർപ്പെടുന്നതിന് തൊഴിലന്വേഷകർക്ക് നൈപുണി പരിശീലനം നൽകുന്നതും വിജ്ഞാന കേരളം പരിപാടിയുടെ പ്രധാന പ്രവർത്തനങ്ങളാണ്.

