February 5, 2026

ഓർമ്മയിൽ ഗായകൻ എരഞ്ഞോളി മൂസ

  • May 6, 2025
  • 1 min read

മാപ്പിളപ്പാട്ടു ജനകീയവത്കരിച്ച സുപ്രസിദ്ധ ഗായകൻ എരഞ്ഞോളി മൂസയുടെ വിയോഗത്തിന് ഇന്ന് 6 വർഷം. എണ്ണമറ്റ പാട്ടുകൾ രചിച്ചും അവക്ക് ശ്രവ്യാനുഭവം പകർന്നും ശ്രോതാക്കളുടെ മനസ്സിൽ മാപ്പിള പാട്ടിന് വികാരനിർഭരമായ ആസ്വാദന ലഹരി പകർന്നു നൽകിയ ഗായകനായിരുന്നു മൂസക്ക. “മാണിക്യ മലരായ പൂവി മഹതിയാം കദീജ ബീവി” എന്ന പാട്ടിന്റെ മാധുര്യം ഇന്നും മലയാളി മനസ്സിനെ പുളകം കൊള്ളിക്കുന്നു.

1940 മാർച്ച്‌ 18 ന് തലശേരിയിലെ എരഞ്ഞോളിയിൽ ജനനം. സംഗീതത്തോടും കലയോടുമുള്ള പ്രേമം ചെറുപ്പത്തിലേ മൂസക്കായുടെ ചിന്തകളിൽ കടന്നുകൂടി. പ്രസിദ്ധ സംഗീതജ്ഞൻ K.രാഘവൻ മാഷിന്റെ സഹായത്താൽ പാടാനുള്ള അവസരങ്ങൾ ഉണ്ടായി. പിന്നീടങ്ങോട്ട് ഹൃദയഹാരിയായ ഒട്ടേറെ മാപ്പിള പാട്ടുകൾ പുറത്ത് വന്നു. കാവ്യാത്മകമായ ആ വരികൾ കേരളത്തിലെ സാംസ്കാരിക വേദികളിലും കല്യാണ പന്തലുകളിലും രാഷ്ട്രീയ സ്റ്റേജുകളിലും നിറഞ്ഞൊഴുകി. ഇശൽ ഗാനങ്ങളുടെ തമ്പുരാൻ എന്ന നാമത്തിൽ അദ്ദേഹം അറിയപ്പെടുന്നു. “കെട്ടുകൾ മൂന്നും കെട്ടി”എന്ന തീവ്രമായ ശോകഗാനം അദ്ദേഹത്തിന് കൂടുതൽ പ്രശസ്തി നേടിക്കൊടുത്തു. ഗ്രാമഫോൺ എന്ന സിനിമയിലൂടെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് അഭിനയവും തനിക്ക് അനായാസമാണെന്നും മൂസക്ക തെളിയിച്ചു. ഒരുപക്ഷേ ഏറ്റവും കൂടുതൽ ഗൾഫ് രാജ്യങ്ങളിൽ സ്റ്റേജ് പ്രോഗ്രാം ചെയ്ത ഒരു അവാർഡ് ഉണ്ടെങ്കിൽ ആ ഒരു ക്രെഡിറ്റ് മൂസക്കക്ക് സ്വന്തമായിരിക്കും. 1400 ൽ അധികം വേദികളിൽ ഒരുപക്ഷേ ഗൾഫ് രാജ്യങ്ങളിൽ പ്രോഗ്രാം ചെയ്തിട്ടുണ്ടാവാം. സാധാരണക്കാരിൽ സാധാരണക്കാരനായി ജീവിച്ച ഗായകനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ജന്മനാട്ടിൽ അദ്ദേഹത്തിന്റെ പേരിൽ ഒരു പാർക്കും ഉണ്ട്. സോഷ്യൽ മീഡിയയിൽ ഇന്നും അദ്ദേഹത്തിന്റെ പാട്ടുകൾക്ക് ഏറെ ആരാധകർ.

ശ്വാസ തടസ്സത്താൽ 2019 മെയ്‌ 6 ന് 79 ആം വയസ്സിൽ അദ്ദേഹം മരണപ്പെട്ടു. മരണത്തിന് നാലുമാസം മുമ്പ് ‘എരഞ്ഞോളി മൂസ മരണപ്പെട്ടു’ എന്നുള്ള വ്യാജവാർത്ത മാധ്യമങ്ങളിലൂടെ പുറത്തു വന്നപ്പോൾ അത് വലിയൊരു വിവാദത്തിന് തിരികൊളുത്തി. “ഇല്ല ഞാൻ മരിച്ചിട്ടില്ല” എന്ന് തികഞ്ഞ ആത്മ നൊമ്പരത്തോടെ ലോകത്തോട് ഉറക്കെ വിളിച്ചു പറയേണ്ട ഗതികേടും അദ്ദേഹത്തിനുണ്ടായി.

Ripport Hr. സലിം കാവശ്ശേരി

Leave a Reply

Your email address will not be published. Required fields are marked *