കേരളത്തിൽ ജോലിക്കെത്തി സ്ഥിരതാമസമാക്കി ഹാൻസും കഞ്ചാവും വിറ്റ് ആഡംബര ജീവിതം ; ബിഹാർ സ്വദേശി അറസ്റ്റിൽ
പാലക്കാട്: കഞ്ചിക്കോട്ടെ വീട്ടിൽ കഞ്ചാവ് സൂക്ഷിച്ച ബിഹാർ സ്വദേശിയെ വാളയാർ പോലീസ് അറസ്റ്റു ചെയ്തു. ബിഹാർ സുൽത്താൻപുർ സ്വദേശിയും കഞ്ചിക്കോട് കൊയ്യാമരക്കാട് സ്ഥിരതാമസക്കാരനുമായ യാസീൻ അൻസാരിയെയാണ് (32) 1.7 കിലോ കഞ്ചാവുസഹിതം ശനിയാഴ്ച പോലീസ് പിടികൂടിയത്. ഒൻപത് വർഷം മുമ്പാണ് തൊഴിൽ തേടി യാസീൻ അൻസാരി കഞ്ചിക്കോട് എത്തുന്നത്. ആരംഭകാലത്ത് ചെറിയ ജോലികൾ ചെയ്ത ഇയാൾ പിന്നീട് വ്യവസായമേഖലയിൽ കട വാടകയ്ക്ക് എടുത്ത് നടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇതരസംസ്ഥാന തൊഴിലാളികൾക്കായി നിരോധിത പുകയില ഉത്പന്നങ്ങൾ വിൽക്കുകയായിരുന്നു ഇയാൾ. പിന്നീട് കഞ്ചാവുവിൽപ്പന സ്ഥിരമാക്കി.തൊഴിലാളികൾക്ക് വിതരണം ചെയ്യുന്നതിനായി എത്തിച്ച കഞ്ചാവാണെന്ന് ഇയാൾ പോലീസിന് മൊഴി നൽകി. പുകയില ഉത്പന്നങ്ങളും കഞ്ചാവും വിറ്റ പണംകൊണ്ട് ഇയാൾ കഞ്ചിക്കോട് ഭൂമി വാങ്ങി ആഡംബരവീട് നിർമിച്ചിട്ടുണ്ട്. ഇയാൾക്കെതിരേ മുമ്പും കേസുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
റിപ്പോർട്ട് Hr. സലിം, കാവശ്ശേരി




