May 15, 2026

പാലക്കാട് പുതുപ്പരിയാരത്ത് ഒഴിഞ്ഞ പറമ്പിൽ തീ പടർന്നു; 2 കാറുകൾ കത്തിനശിച്ചു

  • March 10, 2025
  • 1 min read
പാലക്കാട് പുതുപ്പരിയാരത്ത്  ഒഴിഞ്ഞ പറമ്പിൽ തീ പടർന്നു; 2 കാറുകൾ കത്തിനശിച്ചു

ഒലവക്കോട് : പുതുപ്പരിയാരത്ത് ഒഴിഞ്ഞ പറമ്പിൽ നിന്നു തീ പടർന്ന് അവിടെ പാർക്ക് ചെയ്തിരുന്ന രണ്ടു കാറുകൾ കത്തി നശിച്ചു. താണാവ് പെട്രോൾ പമ്പിനു സമീപം ഫ്രണ്ട്സ് അവന്യു നഗറിൽ നടൻ ഷാജു ശ്രീധറിന്റെ വീടിനു സമീപത്താണു സംഭവം. പറമ്പിലെ ഉണക്കപ്പുല്ലും മാലിന്യവും കത്തിയാണു തീ പടർന്നത്. തീപിടിച്ചത് എങ്ങനെയെന്നു വ്യക്തമല്ല. മാലിന്യത്തിൽ തീ പിടിക്കാൻ സാധ്യതയുള്ള വസ്തുക്കൾ ഉണ്ടായിരുന്നതായി സംശയിക്കുന്നു. പുക ഉയരുന്നതു കണ്ടു സമീപവാസികൾ ഓടിയെത്തിയപ്പോഴേക്കു കാറിനകത്തു ചെറിയ പൊട്ടിത്തെറിയുണ്ടായി. ഇതോടെ കാറിനടുത്തേക്കു പോകാനായില്ല. ഷാജു ശ്രീധറിന്റെ നേതൃത്വത്തിൽ ഇവിടെ പാർക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനങ്ങൾ നീക്കി. അഗ്നിരക്ഷാസേന എത്തിയെങ്കിലും പറമ്പിലേക്കു പ്രവേശിക്കുന്ന റോഡിലെ വൈദ്യുതി പോസ്റ്റിൽ കേബിളുകളും മറ്റും തൂങ്ങിക്കിടന്നതു തടസ്സമായി. ഇതു കാരണം തീ അണയ്ക്കാനുള്ള ശ്രമം വൈകി. കേബിളുകൾ മുറിച്ചു മാറ്റിയാണ് അഗ്നിരക്ഷാ സേനയുടെ വാഹനം പ്രവേശിക്കാനായത്. സമീപത്തെ ട്രാൻസ്ഫോമറിലേക്കു തീ പടരും മുൻപ് അണയ്ക്കാനായതു രക്ഷയായി. കെഎസ്ഇബി ഉദ്യോഗസ്ഥർ കൃത്യസമയത്തു വൈദ്യുതി ഓഫ് ചെയ്തതും ഗുണം ചെയ്തു. പറമ്പിനു തൊട്ടടുത്ത് ഒട്ടേറെ വീടുകളുണ്ടായിരുന്നു. ഇവിടേക്കു പടരും മുൻപ് തീ അണയ്ക്കാനായി.

റിപ്പോർട്ട് Hr. സലിം, കാവശ്ശേരി

Leave a Reply

Your email address will not be published. Required fields are marked *