April 18, 2025

ചാമ്പ്യൻസ് ട്രോഫി കിരീടം ഇന്ത്യക്ക്

  • March 10, 2025
  • 1 min read

ഐസിസി ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യ ജേതാക്കൾ. ഫൈനലിൽ ന്യൂസിലാൻഡിനെ നാല് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് നിശ്ചിത 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 251 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 49 ഓവറിൽ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.മത്സരത്തിൽ ടോസ് നേടിയ ന്യൂസിലാൻഡ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപണർമാരായ വിൽ യങ്ങും രചിൻ രവീന്ദ്രയും ന്യൂസിലാൻഡിന് മികച്ച തുടക്കമാണ് നൽകിയത്. ആദ്യ വിക്കറ്റിൽ ഇരുവരും 57 റൺസ് കൂട്ടിച്ചേർത്തു. സ്പിന്നർമാർ വന്നതോടെയാണ് ഇന്ത്യൻ ടീം മത്സരത്തിലേക്ക് തിരിച്ചുവന്നത്. വിൽ യങ് 15 റൺസും രചിൻ രവീന്ദ്ര 37 റൺസുമെടുത്ത് പുറത്തായി. 11 റൺസായിരുന്നു കെയ്ൻ വില്യംസണിന്റെ സംഭാവന.നാലാമനായി ക്രീസിലെത്തി 101 പന്തുകൾ നേരിട്ട് മൂന്ന് ഫോറുകളുടെ സഹായത്തോടെ 63 റൺസെടുത്ത ഡാരൽ മിച്ചലാണ് ന്യൂസിലാൻഡ് നിരയിലെ ടോപ് സ്കോറർ. 40 പന്തിൽ മൂന്ന് ഫോറും രണ്ട് സിക്സറും സഹിതം 53 റൺസെടുത്ത മൈക്കൽ ബ്രേസ്‍വെല്ലിന്റെ ഇന്നിം​ഗ്സാണ് ന്യൂസിലാൻഡ് സ്കോർ 250 കടത്തിയത്. ​ഗ്ലെൻ ഫിലിപ്സ് 34 റൺസും സംഭാവന ചെയ്തു.ഇന്ത്യയ്ക്കായി കുൽദീപ് യാദവ്, വരുൺ ചക്രവർ‌ത്തി എന്നിവർ രണ്ട് വിക്കറ്റെടുത്തപ്പോൾ മുഹമ്മദ് ഷമിയും രവീന്ദ്ര ജഡേജയും ഓരോ വിക്കറ്റുകൾ വീതവും വീഴ്ത്തി.മറുപടി ബാറ്റിങ്ങിൽ ഇന്ത്യയ്ക്കായി ക്യാപ്റ്റൻ രോഹിത് ശർമയും ശുഭ്മൻ ​ഗില്ലും മികച്ച തുടക്കം നൽകി. 83 പന്തിൽ ഏഴ് ഫോറും മൂന്ന് സിക്സറും സഹിതം രോഹിത് 76 റൺസെടുത്തു. 50 പന്തിൽ ഒരു സിക്സർ മാത്രം നേടിയ ശുഭ്മൻ ​ഗിൽ 31 റൺസും നേടി. ആദ്യ വിക്കറ്റിൽ ഇരുവരും 105 റൺസ് കൂട്ടിച്ചേർത്തു. വിരാട് കോഹ്‍ലി ഒരു റൺസെടുത്ത് മടങ്ങി. ശ്രേയസ് അയ്യർ 48 റൺസെടുത്ത് നിർണായക സാന്നിധ്യമായി.അക്സർ പട്ടേൽ 29, ഹാർദിക് പാണ്ഡ്യ 18 എന്നിങ്ങനെയും സംഭാവനകൾ നൽകി. ഇന്ത്യ വിജയിക്കുമ്പോൾ 34 റൺസുമായി കെ എൽ രാഹുലും ഒമ്പത് റൺസുമായി രവീന്ദ്ര ജഡേജയുമായിരുന്നു ക്രീസിൽ. ന്യൂസിലാൻഡിനായി മൈക്കൽ ബ്രേസ്‍വെൽ, മിച്ചൽ സാന്റനർ എന്നിവർ രണ്ട് വിക്കറ്റുകൾ വീഴ്ത്തി. 2000ത്തിൽ ചാംപ്യൻസ് ട്രോഫി ഫൈനലിലും 2019ലെ ഏകദിന ലോകകപ്പ് സെമി ഫൈനലിലും ന്യൂസിലാൻഡിനോട് തോറ്റതിന്റെ മധുരപ്രതികാരവുമായി ഇന്നത്തെ ഇന്ത്യൻ വിജയം. ഇന്ത്യയുടെ മൂന്നാമത്തെ ചാംപ്യൻസ് ട്രോഫി കിരീടമാണിത്.

റിപ്പോർട്ട് Hr. സലിം, കാവശ്ശേരി

Leave a Reply

Your email address will not be published. Required fields are marked *