വിശാല്‍ തന്നെ ഉടന്‍ വിവാഹം കഴിക്കുമെന്ന് സായ് ധന്‍സിക

ധന്‍സികയെക്കാള്‍ കാത്തിരിക്കുന്നത് സിനിമാ ലോകമാണ്. വിശാല്‍ സായ് കല്ല്യാണ മേളത്തിന് കാത്തിരിക്കുകയാണ് എല്ലാവരും.തെന്നിന്ത്യന്‍ സിനിമാലോകം ഏറെ നാളായി കാത്തിരിക്കുന്ന ഒന്നാണ് നടന്‍ വിശാലിന്റെയും നടി സായ് ധന്‍സികയുടെയും വിവാഹം. ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നെങ്കിലും വിവാഹം നീണ്ടുപോകുന്നത് ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരുന്നു.
ഈ സാഹചര്യത്തിലാണ് തന്റെ പുതിയ ചിത്രമായ ‘യോഗി ഡാ’യുടെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ സായ് ധന്‍സിക വിവാഹത്തെക്കുറിച്ചുള്ള മനസ് തുറന്നത്.

തങ്ങളുടെ വിവാഹം വൈകാനുള്ള പ്രധാന കാരണം നടികര്‍ സംഘത്തിന്റെ കെട്ടിട നിര്‍മ്മാണമാണെന്ന് ധന്‍സിക വ്യക്തമാക്കുന്നു.ആ കെട്ടിടത്തിന്റെ പണി പൂര്‍ത്തിയാക്കുക എന്നത് വിശാലിന്റെ വലിയൊരു സ്വപ്നമാണെന്നും, കഴിഞ്ഞ അഞ്ച് വര്‍ഷമായി അദ്ദേഹം അതിനായുള്ള പ്രയത്‌നത്തിലാണെന്നും നടി പറഞ്ഞു. ആ ലക്ഷ്യം പൂര്‍ത്തീകരിച്ചതിന് ശേഷം മാത്രമേ വിവാഹമുണ്ടാകൂ എന്നും അതുകൊണ്ട് തന്നെ ഒരു കൃത്യമായ തീയതി ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും ധന്‍സിക കൂട്ടിച്ചേര്‍ത്തു.വിശാലുമായുള്ള പ്രായവ്യത്യാസത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കും താരം മറുപടി നല്‍കി. തങ്ങള്‍ക്കിടയിലുള്ള പത്ത് വയസ്സിന്റെ വ്യത്യാസം ഒരു തടസ്സമായി കാണുന്നില്ലെന്നും, പ്രായത്തേക്കാള്‍ ഉപരി പരസ്പരമുള്ള സ്‌നേഹത്തിനും ധാരണയ്ക്കുമാണ് താന്‍ മുന്‍ഗണന നല്‍കുന്നതെന്നും നടി പറഞ്ഞു.

