മേഘാലയയിൽ കൽക്കരി ഖനിയിൽ സ്ഫോടനം ; അസം സ്വദേശികളായ തൊഴിലാളികൾ മരിച്ചു
ഷില്ലോങ്ങ് : മേഘാലയയിൽ കൽക്കരി ഖനിയിൽ സ്ഫോടനം. ഈസ്റ്റ് ജയന്തിയ ഹിൽസ് ജില്ലയിലെ ഒരു ഗ്രാമത്തിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന ഖനിയിലാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ നിരവധി തൊഴിലാളികൾ മരിച്ചതായാണ് സൂചന. അസം സദേശികളായ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. തങ്‌സ്‌കു പ്രദേശത്ത് നടന്ന അപകടത്തിൽ നിരവധി തൊഴിലാളികൾ ഖനിക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നതായും സംശയിക്കുന്നു. പരിസ്ഥിതി നാശവും ഗുരുതരമായ സുരക്ഷാ ആശങ്കകളും ചൂണ്ടിക്കാട്ടി, 2014-ൽ മേഘാലയയിൽ റാറ്റ് ഹോൾ കൽക്കരി ഖനനവും മറ്റ് അശാസ്ത്രീയ ഖനന രീതികളും ദേശീയ ഹരിത ട്രൈബ്യൂണൽ നിരോധിച്ചിരുന്നു. റാറ്റ് ഹോൾ ഖനനത്തിൽ തൊഴിലാളികൾക്ക് പ്രവേശിച്ച് കൽക്കരി വേർതിരിച്ചെടുക്കാൻ വേണ്ടി സാധാരണയായി 3 മുതൽ 4 അടി വരെ ഉയരമുള്ള ഇടുങ്ങിയ തുരങ്കങ്ങൾ ആണ് കുഴിക്കാറുള്ളത്. ഉചിതമായ പാരിസ്ഥിതിക സുരക്ഷാ സംവിധാനങ്ങളോടെ ശാസ്ത്രീയവും നിയന്ത്രിതവുമായ നടപടിക്രമങ്ങളിലൂടെ മാത്രമേ രാജ്യത്ത് കൽക്കരി ഖനനം അനുവദിച്ചിരിക്കുന്നത്. എന്നാൽ അപകടം നടന്ന ഖനി അശാസ്ത്രീയമായും നിയമവിരുദ്ധമായും ആണ് പ്രവർത്തിക്കുന്നത് എന്നാണ് പോലീസ് റിപ്പോർട്ട് ചെയ്യുന്നത്.
