പോത്തുണ്ടി ഇരട്ടക്കൊലപാതകത്തിന് കൂടുതൽ ദൃക്സാക്ഷികൾ
നെന്മാറ : നെന്മാറ പോത്തുണ്ടി തിരുത്തമ്പാടം ചെന്താമര അയൽവാസി സുധാകരനെയും അമ്മ ലക്ഷ്മിയെയും വെട്ടിക്കൊന്നതിനു കൂടുതൽ ദൃക്സാക്ഷികളുണ്ടെന്നു പോലീസ്. മൂന്നുപേർ സംഭവത്തിനു ദൃക്‌സാക്ഷികളായുണ്ടെന്നാണു പോലീസ് പറയുന്നത്. കൊലപാതകം തൊട്ടടുത്തുനിന്നു കണ്ടയാളെ അന്വേഷണസംഘം നേരത്തേ കണ്ടെത്തിയിരുന്നു. വയൽവരമ്പിൽ ആട് മേയ്‌ച്ചിരുന്നയാളാണ് ഇത്.ദൃക്സാക്ഷികളെ വിചാരണസമയത്തു കോടതിയിൽ എത്തിക്കാനാണു പോലീസിന്റെ ശ്രമം. ഇവരുടെ രഹസ്യമൊഴി രേഖപ്പെടുത്താനിടയില്ല. കോടതിവ്യവഹാരത്തിന്റെ ഭാഗമാകാൻ ദൃക്സാക്ഷികൾക്കു താത്പര്യമില്ലാത്തത് അന്വേഷണസംഘത്തെ കുഴക്കുന്നുണ്ട്.സുധാകരനും അമ്മ ലക്ഷ്മിയും കൊല്ലപ്പെട്ടിട്ട് മാർച്ച് 27-നു രണ്ടു മാസം പൂർത്തിയാകും. അതിനുമുൻപായി ആലത്തൂർ മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം നൽകും. കുറ്റപത്രം തയ്യാറാക്കൽ അവസാനഘട്ടത്തിലാണെന്ന് അന്വേഷണോദ്യോഗസ്ഥനായ ആലത്തൂർ ഡിവൈ.എസ്.പി. എൻ.മുരളീധരൻ പറഞ്ഞു.കുറ്റപത്രം നൽകുന്നതോടെ കേസ് പാലക്കാട് സെഷൻസ് കോടതിയിലേക്ക് വിചാരണയ്ക്കായി മാറ്റും. ഫൊറൻസിക് പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലം ലഭിച്ചു. കേസിൽ എട്ടു സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നതു പൂർത്തിയായി. നൂറോളം സാക്ഷികളാണ് ആകെയുള്ളത്.2019 ഓഗസ്റ്റ് 31-ന് സുധാകരന്റെ ഭാര്യ സജിതയെ ചെന്താമര കൊലപ്പെടുത്തിയ കേസ് 15-ന് പാലക്കാട് സെഷൻസ് കോടതി പരിഗണിക്കും. കേസിൽ ശാസ്ത്രീയ പരിശോധനാഫലങ്ങൾ ലഭ്യമായിട്ടുണ്ട്.
റിപ്പോർട്ട് Hr. സലിം, കാവശ്ശേരി




