കോരയാർ പുഴയിൽ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി; രാസമാലിന്യം കലർന്നെന്ന് ആരോപണം: മീൻ പിടിക്കുന്ന സംഘം നഞ്ച് പോലുള്ള ദ്രാവകം കലക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ കിട്ടിയതായി പോലീസ്
പുതുശ്ശേരി ∙ കിഴക്കിന്റെ ജീവനാഡിയെന്ന് അറിയപ്പെടുന്ന കോരയാർ പുഴയിൽ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങിയ നിലയിൽ. കൊയ്യാമരക്കാട് മേഖലയിലാണ് കൂടുതൽ മീനുകൾ ചത്തുപൊങ്ങിയത്. പ്രദേശത്ത് വെള്ളത്തിന്റെ നിറവ്യത്യാസവും രൂക്ഷഗന്ധവും അനുഭവപ്പെടുന്നുണ്ട്. വെള്ളത്തിൽ ഇറങ്ങിയവർക്ക് ചൊറിച്ചിലും മറ്റു ബുദ്ധിമുട്ടുകളും അനുഭവപ്പെട്ടതോടെ പ്രദേശത്തുള്ളവർ പരിഭ്രാന്തിയിലാണ്. തമിഴ്ത്തറയിലും കൂട്ടത്തോടെ മീനുകൾ ചത്തുപൊങ്ങിയിട്ടുണ്ട്. സ്വകാര്യ കമ്പനികളിൽ നിന്നു രാസമാലിന്യം കലർന്നെന്നാണു നാട്ടുകാരുടെ ആരോപണം. ജില്ലാ പൊലീസ് മേധാവി ആർ.അജിത്കുമാർ, പാലക്കാട് എഎസ്പി രാജേഷ്കുമാർ, വാളയാർ ഇൻസ്പെക്ടർ എൻ.എസ്.രാജീവ് സ്ഥലം സന്ദർശിച്ചു. മലിനീകരണ നിയന്ത്രണ ബോർഡ് ജില്ലാ വിഭാഗം ഉദ്യോഗസ്ഥർ സ്ഥലത്തു പരിശോധന നടത്തി. ജലത്തിന്റെ സാംപിളുകൾ ശേഖരിച്ചു. പിഎച്ച് മൂല്യത്തിൽ വ്യത്യാസമില്ലെന്നാണു പ്രാഥമിക കണ്ടെത്തൽ. രാസമാലിന്യമോ, ശുചിമുറി മാലിന്യമോ കലർന്നോ എന്നറിയാനുള്ള പരിശോധനയ്ക്കും അയച്ചിട്ടുണ്ട്. ഇതു കണ്ടെത്താൻ 3 ദിവസം വേണ്ടി വരും. ജലത്തിൽ ഓക്സിജന്റെ അളവു കുറവായാലും ഇത്തരത്തിൽ മീനുകൾ ചത്തുപൊങ്ങാറുണ്ടെന്നാണു വിവരം. കഴിഞ്ഞ 3 മാസത്തിനിടെ ഇതു മൂന്നാം തവണയാണു കോരയാർ പുഴയിൽ മീനുകൾ ചത്തുപൊങ്ങുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സ്ഥിരമായി പുഴയിൽ ഒരു സംഘമെത്തി മീൻ പിടിക്കുന്നതിന്റെയും ഇവർ നഞ്ച് പോലുള്ള ദ്രാവകം കലക്കുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ഇന്നലെ രാത്രിയോടെ ലഭിച്ചു. ഈ സംഘത്തിലുള്ളവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും മീനുകൾ ചത്തുപൊങ്ങിയ ഭാഗത്ത് ഇവർ എത്തിയെന്നു സ്ഥിരീകരിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചെന്നും വാളയാർ ഇൻസ്പെക്ടർ എൻ.എസ്.രാജീവ് പറഞ്ഞു. ഇവരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
റിപ്പോർട്ട് Hr. സലിം, കാവശ്ശേരി




