പാലക്കാട് ജില്ലയിലെ 11 അരിമില്ലുകൾ ജി.എസ്.ടി. കുരുക്കിൽ: 30 കോടി അടയ്ക്കാൻ നോട്ടീസ്
ആലത്തൂർ: പാലക്കാട് ജില്ലയിലെ 11 അരിമില്ലുകൾ ജി.എസ്.ടി. കുരുക്കിൽ. കോടികളുടെ ജി.എസ്.ടി. കുടിശ്ശിക അടയ്ക്കാനുള്ള നോട്ടീസാണ് ഇവർക്ക് ലഭിച്ചത്. 2017 മുതൽ 2021 വരെ നെല്ലുസംഭരിച്ച് അരിയാക്കിയ സമയത്ത് ചാക്കിന്റെ വില, വാഹനവാടക, കൈകാര്യച്ചെലവ് തുടങ്ങിയ ഇനങ്ങളിൽ സപ്ളൈകോയിൽനിന്ന് കൈപ്പറ്റിയ തുകയ്ക്ക് ജി.എസ്.ടി. അടയ്ക്കണമെന്നാണ് നോട്ടീസ്. ഒന്നരക്കോടിമുതൽ നാലുകോടി രൂപവരെ അടയ്ക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മൊത്തം 30 കോടിയോളം രൂപവരും. സഹകരണ സ്ഥാപനമായ പാഡികോയ്ക്ക് ഉൾപ്പെടെ നോട്ടീസ് ലഭിച്ചു. നെല്ല് സംസ്കരിച്ച് ഒരുകിലോ നെല്ല് സപ്ളൈകോയ്ക്ക് കൈമാറുന്നതിന് 2.12 രൂപയാണ് മില്ലുകൾക്കുള്ള കൈകാര്യച്ചെലവ്. എല്ലാ ചെലവും കിഴിച്ച് 20 പൈസയാണ് ലാഭം കിട്ടുകയെന്നാണ് മില്ലുടമകൾ സപ്ളൈകോയ്ക്ക് നൽകിയ കണക്കിൽ പറയുന്നത്. ഈ തുകയ്ക്ക് നിലവിൽ അഞ്ചുശതമാനം ജി.എസ്.ടി. അടച്ചതാണ്. ജി.എസ്.ടി. നിയമപ്രകാരവും സപ്ലൈകോ-അരിമിൽ നെല്ലുസംഭരണ കരാർ വ്യവസ്ഥകൾ പ്രകാരവും നെല്ല് അരിയാക്കുന്ന പ്രക്രിയയിൽ വരുന്ന എല്ലാ പ്രവൃത്തികൾക്കും ജി.എസ്.ടി. ബാധകമാണെന്നാണ് ജി.എസ്.ടി. പാലക്കാട് ഡെപ്യൂട്ടി കമ്മിഷണർ നൽകുന്ന വിശദീകരണം. 2021-നുശേഷം ചാക്കിന്റെ വിലയ്ക്കും വാഹനവാടകയ്ക്കും സപ്ളൈകോയാണ് ജി.എസ്.ടി. അടയ്ക്കുന്നത്. 2017 മുതൽ 21 വരെയുള്ള സമയത്തെ തുകയും പിഴയും പലിശയും ചേർത്തുള്ള തുകയ്ക്കാണ് നിലവിൽ നോട്ടീസയച്ചിട്ടുള്ളത്. ഓരോ ജില്ലയിലും നികുതി കണ്ടെത്തുന്നതിനായി ജി.എസ്.ടി. ഇന്റലിജൻസ് വിഭാഗം തിരഞ്ഞെടുക്കുന്ന മേഖലകൾ വ്യത്യസ്തമാണ്. പാലക്കാട്ട് അരിമിൽമേഖല തിരഞ്ഞെടുത്തെങ്കിലും മറ്റുജില്ലകളിൽ അതുണ്ടായില്ല. നോട്ടീസ് പ്രകാരമുള്ള തുകയടയ്ക്കാൻ നിർവാഹമില്ലെന്നും മില്ലുകൾ അടച്ചുപൂട്ടുകയേ നിവൃത്തിയുള്ളൂവെന്നും കേരള റൈസ് മിൽ ഓണേഴ്‌സ് അസോസിയേഷൻ ജില്ലാപ്രസിഡന്റ് വി.ആർ. പുഷ്പാംഗദൻ പറഞ്ഞു. സപ്ലൈകോയാണ് ജി.എസ്.ടി. ബാധ്യത ഏറ്റെടുക്കേണ്ടതെന്നും കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
റിപ്പോർട്ട് Hr. സലിം, കാവശ്ശേരി.




